My Podcast Space

Hey All,

I have started a podcast as well. You can listen to it here. Happy Listening!!!

Read More

My Podcast Space

Hey All,

I have started a podcast as well. You can listen to it here. Happy Listening!!!

Read More

Recent Reads ...

My Podcast Space

ഒരു കുഴിവെട്ടുകാരൻറ്റെ കഥ

അയലത്തെ വീട്ടിലെ അമ്മിണിയുടെ കോഴി കൂവുന്നത് കേട്ടാണ് അയാൾ  തൻറ്റെ  ഉറക്കത്തിൽ നിന്ന് ഉണർന്നത് .നേരം ഏതാണ്ട് വെളുത്തു .അയാൾ കണ്ണുകൾ  വലിച്ചു തുറന്നു കിടക്കപായയിൽ ഇരുന്നു കുരിശുവരച്ചു ,തീരെ തെളിമയില്ലാതെ ഒരു കടമപോക്കൽ  എന്ന നിലയിൽ എന്തോ കുറച്ചു പ്രാര്‍ത്ഥിച്ചു .പിന്നെ കിടക്കപായ ചുരുട്ടി ഒരു മൂലയ്ക്ക് തള്ളിട്ടു ഉമികരിയും തലേന്ന് നിറച്ചു വെച്ച വെള്ളവുമെടുത്തു കുളിമുറിയിലേക്ക് .അയാള്ടെ വീട് അലംകോലപ്പെട്ടുകിടക്കുന്നു .വീടെന്നു പറയാൻ മാത്രം ഇല്ല.ഒരൊറ്റ മുറി മാത്രമുള്ള ആ കൂരയുടെ ഒരു വശത്തായി ചെളി പുരണ്ട് മുഷിഞ്ഞ രണ്ടു ഷർട്ടും കൈലിമുണ്ടും തൂക്കിയിട്ടിട്ടുണ്ട് .മറ്റൊരു വശത്തായി ചളുങ്ങിയ  അലുമിനിയം പാത്രങ്ങളും  ഒരു വിറകടുപ്പും.വേറൊരു കോണിലായി തൂമ്പ,മമ്മട്ടി  മുതലായ പണിയായുധങ്ങളും.അയാൾ  അല്ലാതെ മറ്റാരും അവിടെ ഉള്ളതി തോന്നുന്നില്ല.ഇടയ്ക്കു ഒരു പൂച്ച മാത്രം കൂരയിലേക്ക്‌ കേറി വരുന്നത് കണ്ടു.കുളി കഴിഞ്ഞ അയാൾ നേരെ കൂരയിൽ കേറി മുഷിഞ്ഞ ഒരു ഷർട്ടും കൈലി മുണ്ടുമിട്ട് മമ്മട്ടിയുമെടുത്തു  തിടുക്കത്തിൽ കൂരയിൽ  നിന്ന് ഇറങ്ങി .ആളൊരു കൃഷികാരൻ ആണെന്ന് കരുതുന്നുണ്ടാവും അല്ലേ ,അതുമല്ലെങ്കിൽ പാടത്തു പണി എടുക്കുന്ന ഒരു കീഴാളൻ  എന്നല്ലേ ചിന്തിക്കുന്നെ..അല്ല .  അയാള് ഒരു കുഴിവേട്ടുകാരനാണ് .പേര്  തോമ്മാച്ചൻ.നാട്ടുകാർ  അയാളെ കുഴിതോണ്ടി തൊമ്മൻ എന്ന് കളിയാക്കി വിളിച്ചിരുന്നു .നടന്നു നടന്നു അയാൾ ആദ്യം എത്തിയത് ചാക്കോയുടെ ചായ കടയിലാണ് .
“ചാക്കോ ചേട്ടാ ,കടുപ്പത്തിൽ ഒരു ചായ”:അയാൾ പറഞ്ഞു .
“ആ ..ആരിത് തൊമ്മനൊ ,അന്തോണിക്ക്  കുഴിവെട്ടാൻ  പോവാരിക്കും അല്ലേ….എന്തുണ്ടായിട്ടെന്നാ മനുഷ്യന്റെ ഗതി  ഇത്ര ഒക്കെ ഉള്ളെന്നെ ..ആട്ടെ നിന്റെ ദീനം ഒക്കെ കുറഞ്ഞോ “:അയാൾ കുശലം അന്വേഷിച്ചു .”എന്നാ പറയാനാ എന്റെ ചാക്കോ ചേട്ടാ..അടുക്കള പണി മുതൽ ഞാൻ ഒറ്റയ്ക്ക് ചെയ്യേണ്ടേ..ആ  മടുത്തു..”
“ആവുന്ന കാലത്ത് പെണ്ണ് കെട്ടികൂടാരുന്നോ എൻറ്റെ  തോമായെ.ഇനിപ്പോ ഈപ്രായത്തില് എവിടെന്നു പെണ്ണ്   കിട്ടാനാ..പതുക്കെ സ്വരം താഴ്ത്തി അയാൾ കൂട്ടി ചേർത്ത്,”ചില കാര്യങ്ങളിൽ ,പെമ്പെർനോത്തി ഇല്ലാത്തതാ നല്ലത് .”
ചായ കുടിച്ചു തീർത്ത  ശേഷം ഒരു ഊരിയ ചിരി ചിരിച്ചിട്ട് തൊമ്മൻ പീടികയിൽ നിന്നിറങ്ങി .ശീക്രം പള്ളിയിലേക്ക് വെച്ച് പിടിച്ചു.മാളികയിലെ അന്തോണി ഇന്നലെ രാത്രിയാണ് മരിച്ചത്.പൂത്ത പണക്കാരൻ !!! പക്ഷെ അറുത്ത കയ്യ്ക്ക് ഉപ്പു  തേക്കില്ല .   പണ്ടൊരിക്കൽ എന്തോ സഹായം ചോദിച്ചു  ചെന്നപ്പോ ആട്ടി ഇറക്കി വിട്ടതാണ് .അന്നേ വിചാരിച്ചതാ ഇയാൾക്കു ചത്ത്‌ കഴിയുമ്പോ ഒരു  ഗംഭീര  കുഴി കുഴിക്കണോന്ന് .എല്ലാം കെട്ടിപിടിച്ചോണ്ടിരിന്നിട്ടു  എന്തേലും കൂടെ കൊണ്ടുപോകാൻ പറ്റുന്നുണ്ടോ ആവോ.ഇന്ന് മുതൽ അയാളും  അന്ന് വരെ മരിച്ച എല്ലാവരുമായി തുല്യനാക്കപെടും.എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച അയാൾ ഇന്ന് ഒന്ന് തിരിയാൻ പോലും  ഇടമില്ലാത്ത ഒരു ചെറു കുഴിയിൽ അടക്കപെടും. മണ്ണ് മണ്ണിനോടു  തന്നെ ചേരും.അത്ര തന്നെ..ദൂരെ നിന്നും പള്ളി മണി മുഴങ്ങി കേൾക്കാം .അയാൾ നടപ്പിന്റെ വേഗത അല്പ്പം കൂട്ടി.പള്ളിൽ ചെന്നു ഗബ്രിയേൽ അച്ഛന്റെ അനുവാദം വാങ്ങിയ  ശേഷം മുൻ വൈരാഗൃങ്ങൾ മാറ്റി വെച്ച്  അയാള് മനോഹരമായ ഒരു കുഴിവെട്ടി .താൻ  കുഴിക്കുന്ന 111-) മത്തെ കുഴി .ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല .അപ്പൻ അപ്പൂപ്പന്മാരായി കൈ മാറി വന്ന    കുലതൊഴിലാണ് . ചെറുപ്പം  മുതലേ ശീലിച്ച  പട്ടിണിയുടെയും  പരിവട്ടതിന്റ്റെയും നടുവിൽ ഒരു മനുഷ്യജീവിയെക്കൂടി കൊണ്ടുവരേണ്ട  എന്ന് കരുതി  കല്യാണം കഴിച്ചില്ല . ഇന്നിപ്പോ ഈ  എഴുപതാം വയസ്സിലാണ്  കഷ്ടപാടുകൾ പങ്കുവയ്ക്കാൻ ഒരു തുണ ഉണ്ടായിരുന്നെങ്കിൽ  എന്ന തോന്നലുണ്ടായത്‌ .അടുത്ത് വരുന്ന  ഒപ്പിസുപ്പാട്ടുകൾ  അയാളെ തൻറ്റെ   ചിന്തകളിൽ നിന്ന് ഉണർത്തി .അത്യാവശം  ആരോഗ്യം ഉള്ള നാല് പേര് ചേർന്ന്  ശവം ചുമെന്നു സെമിത്തേരിയിൽ  എത്തിച്ചു .ബന്ധുക്കളും  സുഹൃത്തുക്കളും നിരനിരയായി  സെമിത്തേരിയിലേക്ക്  കടന്നു .അന്തോണിയുടെ  ഭാര്യ അന്നമ്മ ചേടത്തിയുടെ നിലവിളി അന്തരീക്ഷത്തിൽ അലയടിച്ചു .മക്കളും കരയുന്നുണ്ട്. ചില ബന്ധുക്കളുടെ  കണ്ണുകളും കരഞ്ഞു കലങ്ങിട്ടുണ്ട് .കൂടി നിലക്കുന്നവരുടെ എല്ലാം മുഖത്തു സങ്കടഭാവം.പക്ഷെ അയാളുടെ മുഖത്തു  മാത്രം   യാതൊരു ഭാവവ്യത്യാസവും ഇല്ല.ഒത്തിരി മരണങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് .ഓരോ  മരണങ്ങളിലും  അയാളുടെ സ്ഥാനം മാത്രം മാറുന്നു .ഇന്ന് അയാൾക്കൊരു  നാട്ടുക്കാരന്റ്റെ സ്ഥാനമാണ് .ചില മരണങ്ങളിൽ   അത് വെറും ഒരു കുഴിവെട്ടുക്കാരനിലേക്ക് ചുരുങ്ങുന്നു . അപ്പൻറ്റെ അടക്കിനു    ഒരു  മകൻറ്റെ സ്ഥാനം  ആയിരുന്നു . ഇനി എന്നേലും ഒരിക്കൽ ,ഒരു പക്ഷെ  വളരെ അടുത്ത് തന്നെ ആ ജഡത്തിന്റ്റെ  സ്ഥാനം ആയിക്കൂടാ എന്നില്ല. മരിച്ച ശേഷമുള്ള  ബന്ധുക്കളുടെ കണ്ണീരിൻറ്റെ  തൂക്കമാണ് ഓരോ  മനുഷ്യനും കിട്ടുന്ന പ്രതിഫലം,പക്ഷെ ഇത്രെയും പേർക്ക് കുഴിവെട്ടിയ തനിക്കു വേണ്ടി ഒരിറ്റു കണ്ണുനീർ പൊഴിക്കാനൊ  കുഴി വെട്ടാനോ ആരും ഉണ്ടാവില്ല.ജീവിചിരുന്നപ്പോഴും  ഒന്നും ഉണ്ടായിരുന്നില്ല ,മരിക്കുമ്പോഴും ബാക്കി ഉള്ളവർക്കുണ്ടായിരുന്ന ആറടി മണ്ണു പോലും തനിക്കുണ്ടാവാതെ പോകുമല്ലോ എന്ന ചിന്ത   അയാളെ വല്ലാതെ  അലട്ടി .”തോമാ ,കുഴി മൂടിക്കോ ” എന്ന ഗബ്രിയേൽ അച്ചന്റ്റെ  സ്വരം കേട്ടപ്പോൾ ഒരു യന്ത്ര  മനുഷ്യനെ പോലെ അയാൾ ജഡം ഇറക്കിയ കുഴി മൂടി .പതുക്കെ എല്ലാവരും പിരിഞ്ഞു പോയി .തൻറ്റെ കൂലി വാങ്ങിയ  ശേഷം അയാൾ പതുക്കെ വീട്ടിലേക്കു തിരികെ നടന്നു .പോകുന്ന വഴിക്ക് ഒരു പലച്ചരക്ക് കടയിൽ കേറി അരിയും പച്ചക്കറിയും  വാങ്ങി,വീട്ടിലെത്തി ,പതുക്കെ  കഞ്ഞിയും  കറിയും  വെച്ച്  കുടിച്ചതിനു ശേഷം അയാൾ ഉച്ചമയക്കത്തിന് ഒരുങ്ങി .അയാൾക്ക് എന്തോ മനസ്സിന് വല്ലാത്തൊരു ഭാരം അനുഭവപ്പെടുന്നതായി തോന്നി .തന്റ്റെ മരണത്തെ പറ്റിയുള്ള ചിന്തകൾ അയാളെ അലട്ടിക്കൊണ്ടിരുന്നു .തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാൾക്ക് ഒരുപോള കണ്ണടക്കാൻ പോലും സാധിച്ചില്ല .പെട്ടന്ന് അയാള് ചാടി എണിറ്റു മമ്മട്ടിയും എടുത്തു ഓടാൻ   തുടങ്ങി.വഴിയിൽ നിന്ന പലരും ചേട്ടൻ ഇതെങ്ങോട്ടാ എന്ന് ചോദിച്ചെങ്കിലും . അതൊന്നും അയാൾ കേട്ടതായി ഭാവിച്ചില്ല .ഒരു ഭ്രാന്തനെ പോലെ അയാൾ തൻറ്റെ ഓട്ടം തുടർന്നു .അയാളുടെ  ആ ഓട്ടം അവസാനിച്ചത് പള്ളി സെമിത്തേരിയിൽ ആണ്.തൻ്റെ മമ്മട്ടിയെടുത്തു അയാൾ അവിടെ മനോഹരമായ ഒരു  കുഴി വെട്ടി .തൻ്റെ ജീവിതത്തിൽ താൻ കുഴിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ കുഴി.അത് നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം നെറ്റിയിലെ വിയർപ്പ് തുടച്ചുകളഞ്ഞ ശേഷം  അയാൾ പതിയെ വീട്ടിലേക്കു നടന്നു .തനിക്കു സ്വന്തമായി ഒരു ആറടി മണ്ണുണ്ടെന്ന ധൈര്യത്തിൽ ….
ശുഭം


ഇതൊരു പ്രണയകാവ്യമാണ് .പാതി വഴിയിൽ ശ്വാസം നിലച്ച ,ജീവൻ അകന്നു പോയ  ഒരു പ്രണയ കാവ്യം.ഈ കാവ്യത്തിൽ ഞാനും നീയും ഉണ്ടായിരുന്നില്ല  മറിച്ചു നമ്മളെ ഉണ്ടായിരുന്നുള്ളു .പക്ഷെ സ്വരചേർച്ച ഇല്ലാതെ പാതി മുറിഞ്ഞുപോയ പാട്ടുപോലെ നമ്മളും എന്നോ എവിടെവെച്ചോ   മുറിഞ്ഞു പോയി .അകന്നിരിക്കുന്ന കണ്ണികൾ എങ്കിലും നമ്മുടെ ഉള്ളിൽ ഇന്നും സ്നേഹം തുടിക്കുന്നു.തിരിച്ചറിയാനാവാത്ത എന്തോ ഒന്ന് നമ്മുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നു .ഇനി ഒരിക്കലും ഈ കാവ്യം പൂർണ്ണമാവില്ല  എന്നതാണ് യാഥാർത്ഥ്യം   .പക്ഷെ അപൂർണമായ  ഈ കാവ്യം എന്നും എൻറ്റെ ഹൃദയത്തിൽ മായാതെ കിടപ്പുണ്ടാവും .എന്റ്റെ കാവ്യത്തിലും മനസ്സിലും അന്നും ഇന്നും നീ എന്റ്റെ പ്രണയിനി തന്നെ ആയിരിക്കും.ഒന്നും മാറിയിട്ടില്ല .എന്നിൽ ഇനി ഒന്നും മാറുകയുമില്ല …അതെ…അന്നും ഇന്നും എന്നിലെ നിനക്ക് മാറ്റമില്ല.
ശുഭം 

ശരി? തെറ്റ്? ജീവിതം?

സത്യവും മിഥ്യയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ജീവിതം ഇത്രയ്ക്കങ്ങ് മോശമാവില്ല എന്ന് അയാള്‍ക്ക് തോന്നുകയാണ്.ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയാവണമെന്നില്ല.ഒരാളുടെ തെറ്റ് മറ്റൊരാള്‍ക്ക് തെറ്റാവണമെന്നും ഇല്ല.അങ്ങനെയെങ്കില്‍ ശരിയും തെറ്റും നിര്‍ണ്ണയിക്കാനുള്ള അളവുകോല്‍ എന്താണ്?ഈ ചുരുങ്ങിയ ജീവിതത്തില്‍ സ്വന്തം സന്തോഷത്തിനോ അപരന്‍റെ സന്തോഷത്തിനോ പ്രാധാന്യം നല്കേണ്ടത്?ഉത്തരം തീര്‍ച്ചയില്ലാത്ത ഒരായിരം ചോദ്യങ്ങള്‍ തീര്‍ത്ത ചങ്ങല കൊണ്ട് ബന്ധനത്തിലാണ് മനുഷ്യന്‍.ഈ ചങ്ങല ഭേദിക്കാന്‍ കഴിയാത്തടത്തോളം മനുഷ്യന് സ്വന്തം ജീവിതത്തില്‍ സംതൃപ്തി ഉണ്ടാവില്ല എന്ന നിഗമനത്തില്‍ ഒടുവില്‍ അയാള്‍ എത്തിചേര്‍ന്നു.പക്ഷേ ഇതിന്‍റെ ആയുസ്സും യഥാര്‍ത്ഥ ശരി കണ്ടുകിട്ടുന്നിടത്തോളം ‍കാലം മാത്രം.അത് എന്ന് നിശ്ചയമില്ലായ്കയാല്‍ അയാള്‍ തല്ക്കാലത്തേക്ക് തന്‍റെ ചിന്തകള്‍ പൂട്ടി പെട്ടിലാക്കി നല്ലതെന്ന് മനസ്സ് തോന്നിച്ച ഒരു ദിശ ലക്ഷ്യമാക്കി യാത്രയായി.

ചിതറിയ ചിന്തകൾ :”കണ്ണുനീർതുള്ളികളെ നിങ്ങള്ക്ക് വിട”

മഴ തോർന്ന മാനവും മാനത്ത് വിടർന്ന മഴവില്ലും എന്നുംഓർമ്മയിൽ  നിറം മങ്ങാതെ  ഉണ്ടാവുമെന്നു  കരുതിയതാണ്.കവിഞ്ഞൊഴുകുന്ന പുഴയും യൗവനത്തിലെ പ്രിയസഖിയായിരുന്ന മരത്തണലും   എന്നും ഓർമ്മയിൽ പച്ചവിരിച്ച് നില്പുണ്ടാവും എന്ന് നിരീച്ചതാണ് .പക്ഷെ നിറം മങ്ങിയ തുണിയിൽ തുന്നി ചേർത്ത ചിത്രവേല പോലെ ഇന്ന് തന്റ്റെ ഓർമ്മകൾക്ക് മങ്ങലേറ്റ് തുടങ്ങിയിരിക്കുന്നു .ഓർമ്മകൾക്കും ജരാനരകൾ ബാധിച്ചിരിക്കുന്നു. അവൾ പഴയകാലത്തെ കുറിച്ച് ഓർത്തു .ഏഴ് വയസ്സുകാരി  പാവാടക്കാരിയിൽ അച്ഛൻ സമ്മാനിച്ച വർണ്ണകടലാസ്സിൽ തീർത്ത പട്ടം ആദ്യം സൃഷ്ടിച്ചത് ഒരു കൗതുകം ആയിരുന്നു .സ്വന്തം പട്ടം കാറ്റിന്റ്റെ ദിശയിൽ പറന്നുയരുന്നത് കണ്ടപ്പോൾ അവളും മറ്റുള്ളവരെ പോലെ സുന്ദരമായ തന്റ്റെ  പട്ടത്തെ ഓർത്തു അഹങ്കരിച്ചു   .ഒടുവിൽ നൂലുപൊട്ടിച്ചു പറന്നകന്ന തന്റ്റെ നിറഭേദമാർന്ന പട്ടത്തെയോർത്തു വിതുമ്പിക്കരയുന്ന അവൾ സ്വന്തം ഓർമ്മയിൽ തെളിഞ്ഞുനില്ക്കുന്നു .പട്ടം നഷ്ടപെട്ട എഴുവയസ്സുകാരിയെപോലെ ആണ് താൻ ഇന്നും എന്ന് അവൾ തിരിച്ചറിയുന്നു .നഷ്ടപെട്ടുപോയ തന്റ്റെ ജീവിതത്തിന്റ്റെ വസന്തകാലത്തെ ഓർത്ത്,ബാല്യത്തിലും യൗവനത്തിലും കണ്ട സുന്ദരസ്വപ്നങ്ങളെ ഓർത്ത് ഇരുളിന്റ്റെ മറവിൽ അവൾ ഇന്നും കണ്ണീരൊഴുക്കുന്നു.നിലതെറ്റി പായുന്ന പുഴവെള്ളത്തോടൊപ്പം അവളുടെ ആശ്രുകണളും ദൂരത്തേക്കു യാത്രയാകുന്നു . അവയെ നോക്കി യാത്രാമൊഴി എന്ന വിധം അവൾ മന്ത്രിക്കുന്നു ,”കണ്ണുനീർതുള്ളികളെ നിങ്ങള്ക്ക് വിട.. നിങ്ങളുടെ സ്വപ്നങ്ങൾ എങ്കിലും പൂവണിയട്ടെ”

നിശബ്ദപ്രണയം

വെളിച്ചത്തിന്‍റെ ലോകത്തിലെ രാജകുമാരി അന്ധകാരരാജ്യത്തിലെ രാജകുമാരനെ പ്രണയിക്കുന്നു.ഇരുളടഞ്ഞ ആകാശത്തിലൂടെ സ്വര്‍ണ്ണതേരില്‍ യാത്ര ചെയ്യുന്ന രാജകുമാരനെ അവള്‍ എന്നും ആരാധനയോടെ നോക്കിനില്‍ക്കുമായിരുന്നു.കറുത്തവാവ് അവള്‍ക്കെന്നും പ്രിയപ്പെട്ടതായിരുന്നു.വെളിച്ചത്തിന്‍റെ പുത്രിയായിരുന്നെങ്കിലും രാത്രി ഒരിക്കലും അവസാനിച്ചില്ലെങ്കില്‍ എന്നവള്‍ ആശിച്ചു.തന്‍റെ പ്രണയം ഒരിക്കലും പൂവണിയില്ല എന്നവള്‍ക്കറിയാം.അവള്‍ ഒന്നും ആഗ്രഹിക്കുന്നില്ല.ഒന്നുംതിരിച്ച് പ്രതീക്ഷിക്കുന്നില്ല.വെളിച്ചത്തിന് ഒരിക്കലും അന്ധകാരത്തിനോട് അടുക്കാന്‍ കഴിയില്ല.ഒന്ന് മറ്റൊന്നിന്‍റെ നാശത്തിലേ കലാശിക്കു എന്ന തിരിച്ചറിവ് അവളെ നിരന്തരം മുറിവേല്പ്പിച്ചുകൊണ്ടേയിരിക്കുന്നു.സ്വന്തം സ്നേഹം തുറന്നു പറയാന്‍ കഴിയാതെ അവള്‍ ഇന്നും അന്ധകാരരാജകുമാരനെ ആദരവോടെ നോക്കിനിൽക്കുന്നു .കറുത്തവാവിനെ ഇന്നും പ്രണയിക്കുന്നു.

ചിതറിയ ചിന്തകള്‍ഃഅവസാന യാത്ര

കവിളത്ത് ഉമ്മ നല്കി യാത്ര പറഞ്ഞു ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ അവരുടെ കണ്ണു നിറയുന്നത് ഞാന്‍ കണ്ടു.വിടവാങ്ങല്‍ എന്നും വേദനാജനകം തന്നെയാണ്.പക്ഷേ ഇവിടെ സാഹചര്യം വ്യത്യസ്തമാണ്.അവരെ സംബന്ധിച്ചിടത്തോളം ഇനി നഷ്ടപ്പെട്ടുപ്പോയ വസന്തകാലം തിരിച്ചുവരില്ല.ഈ യാത്ര പറച്ചില്‍ തന്നെ ഒരുപക്ഷേ അവസാനേതത് ആവാം എന്ന ചിന്ത അവരെ വല്ലാതെ അലട്ടുന്നുണ്ടാവാം .ഇങ്ങനെ ഒരു നാളെ തനിക്കും ഉണ്ടായികൂടാന്നില്ല.അല്ല.അതു ഉണ്ടാവുക തന്നെ ചെയ്യും.ഇതേ രംഗം ആള്‍മാറ്റം നടത്തി ലോകാവസാനം വരെ പുനരാവര്‍ത്തനം ചെയ്തോണ്ടിരിക്കുന്നു.മരണം മാത്രം യഥാര്‍ത്ഥ സത്യമായി നിലകൊള്ളുന്നു.അതെ,അന്തിമ യാത്ര.ആരുംകൂട്ടില്ലാത്ത എങ്ങോട്ടെന്ന് അറിയാത്ത ആ യാത്രക്ക് മുന്നോടിയാവാം ഈ ജീവിതത്തില്‍ നാം കാട്ടികൂട്ടുന്ന അത്രയും കാര്യങ്ങള്‍..ആ ….ആര്‍ക്കറിയാം..

കാലം


കാലം..കാലം മായ്ക്കാത്തതും മാറ്റത്തതുമായി എന്തുണ്ടെന്ന് ചോദ്യത്തിന് വളരെ കാലമായി ഉത്തരം തിരയുകയാണ് അയാള്‍.കാലത്തോടൊപ്പം മനുഷ്യന്‍റെ കോലം മാറുന്നു.രീതികള്‍ മാറുന്നു.ഒരിക്കലും മാറില്ല എന്ന് കരുതുന്ന ബന്ധങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും വരെ കാലത്തോടൊപ്പം മാറുന്നു.സ്നേഹത്തിന്‍റെ അളവ് കൂടുകയും കുറയുകയും ചെയ്യുന്നു.ഒരിക്കലും നഷ്ടപ്പെടരുത് എന്ന് ആഗ്രഹിച്ച പലതും നഷ്ടപ്പെട്ടു പോവുന്നു.കൈപിടിയില്‍ ഒതുങ്ങി എന്ന് വിചാരിച്ചതില്‍ പലതും കൈവിട്ടുപോവുന്നു. കാല ഗതിയുടെ ഒടുവില്‍ ശുഭം എന്ന രണ്ടക്ഷരത്തിനു വേണ്ടിയുള്ള നെട്ടോട്ടം മാത്രമാണ് ജീവിതം. അകലുകയും മുറുകകയും ചെയ്യുന്ന എല്ലാ കണ്ണികള്‍ക്കും,മറ്റു കോപ്രായങ്ങള്‍ക്കും അന്നും ഇന്നും കാലം മാത്രം സാക്ഷി.
ശുഭം