ഘാതകൻ – കെ . ആർ. മീര
ഒറ്റ വരിയിൽ പറഞ്ഞൊതുക്കാൻ പറ്റിയ ഒന്നല്ല കെ. ആർ. മീരയുടെ ഘാതകൻ. എന്നെ സംബന്ധിച്ചു അത് തിരിച്ചറിവുകളുടെയും അതിലുപരി ഓർമ്മപെടുത്തലുകളുടെയും ഒരു പുസ്തകമാണ്. തനിക്കു നേരെ വെടിയുതിർത്ത തന്റെ ഘാതകനെ തേടിയുള്ള ഒരു സ്ത്രീയുടെ യാത്ര . അതവരെ പലപ്പോഴായി എത്തിക്കുന്ന ചീഞ്ഞ ഓർമ്മകളുടെ ചതുപ്പ് കുഴികൾ, പല തരത്തിലുള്ള ബന്ധങ്ങൾ എന്നതാണ് ഈ നോവലിന്റെ വൃത്താന്തം. പണത്തിനും അധികാരത്തിനും അധിഷ്ഠിതമായ സ്നേഹത്തിന്റെ രാഷ്ട്രീയത്തെകുറിച്ചു ,ആർത്തി മൂത്തു മനുഷ്യൻ ചെയ്തു കൂട്ടുന്ന കൊള്ളരുതായ്കളെ കുറിച്ച്, സ്ത്രീകളിൽ നിന്ന് സമൂഹവും പുരുഷന്മാരും ആഗ്രഹിക്കുന്ന വിധേയത്വവും ഭയത്തെയും കുറിച്ച് , അത് ലഭിക്കാത്ത പക്ഷം അതവരിൽ സൃഷ്ടിക്കുന്ന അസ്വസ്‌ഥതകളെ കുറിച്ചെല്ലാം മീര തുറന്നെഴുതുന്നു. പല തരത്തിലുള്ള മനുഷ്യരുടെ സ്വഭാവവൈരുധ്യങ്ങൾ , അവരെ , അവരുടെ പ്രവർത്തികളെ സ്വാധീനിച്ച ഭൂതകാലങ്ങൾ എന്നിങ്ങനെ അനായാസമായി തോണ്ടിയിട്ടു പരിശോധിക്കുന്നത് കഥയിൽ പലയിടത്തും നമുക്ക് കാണാൻ കഴിയും . പല വികാരങ്ങളുടെ സമ്മേളനമാണ് ഒരു തരത്തിൽ ഈ നോവൽ . വായിക്കുന്ന ഭൂരിപക്ഷംപേർക്കും , പ്രത്യേകിച്ച് സ്ത്രീ ആസ്വാദകർക്കു അല്പം ഒന്ന് അറക്കാതെ, അല്പം ഒന്ന് പേടിക്കാതെ ഇത് വായിച്ചു തീർക്കാനാവും എന്ന് തോന്നുന്നില്ല . കാരണം ബന്ധങ്ങൾ എന്നോ, സ്നേഹമെന്നോ വെച്ച് അളന്നു തൂക്കാതെ മനുഷ്യനെ പച്ചയ്ക്കു തൊലി ഉരിഞ്ഞു നിർത്തി വളരെ objective ആയി വിലയിരുത്തുമ്പോൾ ചിലപ്പോഴെങ്കിലും ചില്ലു വിഗ്രഹങ്ങൾ ഉടയും . ചിലപ്പോൾ സ്വന്തമായി തന്നെ ഒന്ന് മരിച്ചു ജീവിക്കേണ്ടി വരും .
അഞ്ഞൂറിലധികം പേജുള്ള വലിയൊരു പുസ്തകമാണ് ഇത് . പക്ഷെ ഘാതകൻ ആരെന്നും , അവന്റെ സത്യമെന്തെന്നും തേടിയുള്ള യാത്ര വളരെ ത്രില്ലിംഗ് ആയിട്ടാണ് എനിക്ക് തോന്നിയത് . അതുകൊണ്ടു താല്പര്യമുള്ളവര് വാങ്ങിച്ചു വായിക്കുക .