മലയാളം
ഒരു ഇറച്ചി കട

ഒരു ഇറച്ചി കട

ഇട്ടിക്കൽ കുടുംബം അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽക്കേ ഇറച്ചിവെട്ടുകാരായിരുന്നു. കൈമാറി വന്നിരുന്ന കുല തൊഴിലിൽ അഭിമാനം കൊണ്ടിരുന്നു എങ്കിലും ഇട്ടിക്കൽ എന്ന് മനോഹരമായ കുടുംബപേര് ഉപേക്ഷിച്ച്  നാട്ടുകാർ ഇറച്ചി തോമ എന്ന് വിളിച്ച് തുടങ്ങിയപ്പോഴാണ് പ്ലസ്ടുവിൽ പഠിക്കുന്ന എന്നെ അപ്പച്ചൻ മുറിയിലേയ്ക്ക് വിളിപ്പിക്കുന്നത്. അധികം മുഖവരയില്ലാതെ അപ്പച്ചൻ കാര്യത്തിലേയ്ക്ക് കടന്നു, “ടാ മോനെ, ഈ കാലത്ത് കാശുണ്ടായിട്ട് മാത്രം കാര്യമില്ലട ഉവ്വെ, നല്ല പേരും വേണം. നിനക്ക് താഴെ ഒരു പെൺക്കൊച്ചാ വളർന്നു വരുന്നേ.അതുക്കൊണ്ട് നിന്നോട് ചോദിക്കാതെ ഈ അപ്പച്ചൻ ഒരു തീരുമാനമെടുത്തു. നിന്നെ ഞാൻ എഞ്ചനീയറിംഗിന് ചേർക്കാൻ തീരുമാനിച്ചു”. ജീവിതത്തിനെക്കുറിച്ച് പ്രത്യേകിച്ച് ഒരു ഐഡിയ ഇല്ലാത്തതിനാലും, 8 ആം ക്ലാസ്സിൽ പഠിക്കുന്ന എന്റെ അനിയത്തിയുടെ ഭാവിയെയും ഓർത്ത് മറത്തൊന്ന് പറയാൻ നിന്നില്ല. അങ്ങനെ കുടുംബത്തിന്റെ യശസ്സ് ഉയർത്താൻ, വളരെ സീംപിൾ ഇംഗ്ലീഷിൽ പറഞ്ഞാൽ കുടുംബത്തിന്റെ സ്റ്റാറ്റസ് അപ്പ്ഗ്രേഡ് ചെയ്യാൻ ഭീമമായ ഡൊണേഷൻ കൊടുത്ത് സ്ഥലത്തെ ഒരു സ്വകാര്യ എഞ്ചനീയറിംഗ് കോളേജിൽ സീറ്റ് വാങ്ങി. വലയിട്ട് വീഴ്ത്താൻ ശ്രമിച്ച സപ്ലികളുടെയും അറ്റൻഡൻസ് ഷോർട്ടെജുകളുടെയും നടുവിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട്, കൂട്ടേതാടെ ആളെയെടുക്കുന്ന ഒരു ഐറ്റി കമ്പനിയിൽ ജോലിയും വാങ്ങി. പിന്നെ അങ്ങോട്ടാണ് സംഗതികൾ കുഴഞ്ഞു മറിയുന്നത് . ഒരു പക്ഷേ ഒരു ബിസിനസ്സകാരന്റെ മകനായതു കൊണ്ടാവും ആരുടെയെങ്കിലും കീഴെ പണിയെടുക്കുന്നത് അങ്ങ് ദഹിക്കുന്നില്ല. ചെയ്യുന്ന പണിക്കുള്ള വളർചച്ചയുമില്ല. പെങ്ങൾക്ക് കല്യാണ ആലോചന തുടങ്ങി. പക്ഷേ ഒന്നുമങ്ങോട്ട് ശരിയാവില്ല. ചെറുക്കൻ ശരിയെങ്കിൽ കുടുംബം ശരിയാവില്ല,കുടുംബം ശരിയാവുമ്പോൾ സാഹചര്യം ശരിയാവില്ല, സാഹചര്യം ശരിയാവുമ്പോൾ ജോലിയും ശമ്പളവും ശരിയാവില്ല. ആകെ മൊത്തം പ്രശ്നം. അങ്ങനെയിരിക്ക ആണ് പെങ്ങളുടെ മാട്രിമോണി പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴാണ് അത് തോന്നിയത്, “എന്തുകൊണ്ട് വേറിട്ട ഒരു സ്റ്റാർട്ട് അപ്പ് ആയിക്കൂടാ?”.ഉടനെ തന്നെ കുത്തക മുതലാളിത്വത്തിൻ്റെ അടിമത്വത്തിൽ മനം നൊന്ത് കഴിഞ്ഞിരുന്ന ഏതാനം കൂട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. പിന്നെല്ലാം ശട  പടെ, ശട പടെ എന്നായിരുന്നു. ജോലി രാജി വയ്ക്കൽ, കാശ് സ്വരുക്കൂട്ടൽ എല്ലാം. സോഫറ്റ്വയർ ജീവചക്രത്തിന്റെ ആദ്യ പടിയായ വിവരശേഖരണത്തിന്റെ ഭാഗമായി കോട്ടയം മുതൽ കാസർഗോഡ് വരെ ഓടി നടന്ന് വിവരവും ശേഖരിച്ചു. മനോഹരമായ ഒരു പേരും അതിനൊത്തൊരു ടാഗ് ലൈനും കണ്ടെത്തി, “Perfect Pothu Online”, Finding the best suitable Christian Pothu for you and your family”.
 പോത്തിന്റെ ഗുണം, പ്രായം, തൂക്കം, വളർന്നു വന്ന സാഹചര്യം(Very rich, medium rich,rich, middle class, average, poor very poor), സ്ഥലം എന്നിവ ഡേറ്റേബസിലുണ്ട്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. കുടുംബത്തിൻ്റെ മേൽ പറഞ്ഞ വിവരങ്ങൾ സൈറ്റിൽ രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ മനസ്സിനണങ്ങിയ, സ്റ്റാറ്റസിനൊത്ത പോത്തിനെ സോഫ്റ്റ്വയർ കൂട്ടി യോജിപ്പിക്കുന്നു. ഇന്ന് ഇട്ടിക്കൽ കുടുംബം വെറും ഇറച്ചിവെട്ടുകാരല്ല, അല്പം സ്റ്റാറ്റസ് കൂടിയ ‘  ദ മോഡേൺ മീറ്റ് കട്ടിംഗ് ഫാമിലി’ ആണ്.

2 thoughts on “ഒരു ഇറച്ചി കട

Leave a Reply