
ആത്മാവ് പാടുമ്പോൾ – Part 2 , രവി-കമല
ചിന്തകൾക്കൊണ്ട് കലുഷിതമായ ഒരാഴ്ചക്കാലമായിരുന്നു അത്. തലയ്ക്കുള്ളിൽ ചങ്ങല പൊട്ടിച്ച് ഓടുന്ന ഒരു ഭ്രാന്തന്റെ നിലവിളി. എന്തോ ഒന്ന് മനസ്സിനെ വല്ലാതെ അലട്ടുന്നു. ഭയപ്പെടുത്തുന്നു. പക്ഷേ കാര്യകാരണങ്ങൾ വെളിവാകുന്നില്ല. ചുറ്റിപിണഞ്ഞുകിടക്കുന്ന തന്റെ ചിന്താശകലങ്ങളെ അടർത്തിയെടുക്കാൻ ഇരുളിന്റെ മറവ് പറ്റി കമല ഇരുന്നു.
മനോഹരമായ ഗസൽ സംഗീതം അന്തരീക്ഷത്തിൽ നിറച്ച് ഫോൺ ബെൽ മുഴങ്ങി. പാതി ബോധത്തിൽ സംഗീതസൗന്ദര്യം ആവാഹിച്ച് രണ്ട് നിമിഷം.
<“Ravi Calling…..” >
പിന്നെ പതുക്കെ ഫോണെടുത്തു…
“കമല……” മറുതലയ്ക്കൽ നിന്ന് ഒരു സ്വരം
“ഉം……” വൈമനസ്യത്തോടെ ഒരു മറുപടി
“എന്തേ?..” ഒരു ചോദ്യം
രക്തവർണ്ണമായ ആത്മാവിൽ ആ ചോദ്യം സമാധാനത്തിന്റെ വെള്ളപൂശിയതുപോലെ. ചെറിയൊരു വാക്കിന്, ഒരു ചോദ്യത്തിന്, സ്നേഹം തുളുമ്പുന്ന ഒരന്വേഷണത്തിന് പാടകെട്ടി കിടക്കുന്ന മനസ്സിനെ എത്രത്തോളം പുറത്ത് കൊണ്ട് വരാൻ കഴിയുമെന്ന് കമല സംശയിച്ചു. വള്ളികൾ മുറുക്കിയിരുന്ന തന്റെ ഹൃദയം കെട്ടുകൾ പൊട്ടിച്ച് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഒരു കുട്ടിയെപ്പോലെ ഓടിക്കേറിയതുപ്പോലെ. അണകെട്ടി നിന്നിരുന്ന വികാരങ്ങൾ അലയടിക്കുന്ന തിരകളിൽ ഒരു മണൽ കൊട്ടാരം കണക്കെ തകർന്നടിയുന്നതുപ്പോലെ.
വിറയ്ക്കുന്ന ചുണ്ടുകളോടെ, നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ പറഞ്ഞ് തുടങ്ങി.
“എനിക്ക് ‘എന്നെ’ പേടിയാണ് രവി. ഓന്ത് പോലെ നിറം മാറുന്ന എന്റെ വികാരങ്ങളെയും. ഒന്നും മനസ്സിലാവുന്നില്ല. ഒന്നിനും ഒരർത്ഥം തോന്നുന്നില്ല.”
പൂർത്തിയാക്കാൻ സാധിക്കാത്ത വിധം ഏങ്ങലടികൾ വാക്കുകളെ മുറിക്കുന്നു. നിശബ്ദത കണ്ണീരിന് കൂട്ടിരിക്കുന്നു. മൗനം വാക്കുകൾക്ക് പകരക്കാരനാവുന്നു.
വീണ്ടും വീണ്ടും മൗനത്തിന്റെ ഭംഗി കമല തിരിച്ചറിയുകയായിരുന്നു. ഒരു പക്ഷേ കാച്ചി കുറുക്കിയ വാക്കുകളേക്കാൾ ആത്മാവിന്റെ മുറിവുണക്കാൻ അവയ്ക്ക് കഴിയുമെന്ന് കമല മനസ്സിലാക്കുകയായിരുന്നു.വാദിച്ച് ജയിക്കുന്നവരെക്കാൾ, ഉപദേശിച്ച് നന്നാക്കുന്നവരെക്കാൾ ചില നേരങ്ങളിലെങ്കിലും മനുഷ്യന് വേണ്ടത് കൂട്ട് നില്ക്കുന്ന, കേട്ടിരിക്കുന്ന ആരെയെങ്കിലുമാവും എന്ന് കമലയ്ക്ക് തോന്നി.
ഇപ്പോൾ തെല്ലൊരാശ്വാസം വന്നതുപ്പോലെ. എന്തോ ഒന്ന് പെയ്തൊഴിഞ്ഞതുപ്പോലെ.
“രവി…” കമല വിളിച്ചു
“ഉം..” , രവി വിളി കേട്ടു
“നമുക്കൊരു യാത്ര പോവാം. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ, കണ്ട് തീരേണ്ട സ്ഥലങ്ങളുടെ കണക്ക് വയ്ക്കാതെ, ഓരോ നിമിഷത്തിന്റെയും കാഴ്ചയുടെയും മാധുര്യം നുകർന്ന് ഒന്ന്..”
“പോവാം” രവി പറഞ്ഞു ..” ഓർമ്മകളിൽ സൂക്ഷിക്കാൻ നമുക്ക് മാത്രമായി ഒന്ന്”.
(To be continued)