ആത്മാവ് പാടുമ്പോൾ
ആത്മാവ് പാടുമ്പോൾ – ഭാഗം 8

ആത്മാവ് പാടുമ്പോൾ – ഭാഗം 8

രവി ,

ഇത് ഞാൻ നിനക്കെഴുതുന്ന ഇരുപത്തിമൂന്നാമത്തെ കത്താണ് . മേൽവിലാസം അറിയാത്ത ഒരാൾക്ക് കത്തെഴുതി സൂക്ഷിക്കുന്ന എന്റെ ഭ്രാന്ത്  ഈ ലോകത്തിൽ ആർക്കെങ്കിലും മനസ്സിലായാൽ അത് നിനക്ക് മാത്രമാവും എന്ന്  തോന്നുന്നു  . മറുപടി പ്രതീക്ഷിക്കാതെ കത്തുകളെഴുതി കാത്തുവെയ്ക്കാൻ, എന്നെങ്കിലുമൊരിക്കൽ നീ തിരിച്ചെത്തി അവ വായിക്കുമെന്ന് വിശ്വസിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതെന്തെന്ന് പിടിയില്ല. അത് സ്നേഹമോ, നല്ലൊരു സൗഹൃദത്തെ നഷ്ടപെടുത്തിയതിൽ ഇനിയെന്നെങ്കിലുമൊരിക്കൽ എന്നെ വേട്ടയാടാൻ സാധ്യതയുള്ള നഷ്ടബോധത്തെക്കുറിച്ചുള്ള ഭയമോ ആവാം. അറിയില്ല .ചിലപ്പോഴെങ്കിലും കാരണങ്ങളില്ലാതെ നാം ചെയ്തു കൂട്ടുന്ന ചില കാര്യങ്ങളില്ലേ ? ആ  പട്ടികയിൽ ഇത് കൂടെ ഇടം പിടിക്കട്ടെ ,അല്ലേ ?

ഒന്നും പറയാതെ പെട്ടെന്നുള്ള നിന്റെ ഈ യാത്രയുടെ ഉദ്ദേശം അറിയില്ലെങ്കിലും എനിക്ക് പരിഭവങ്ങളില്ല. എന്തുകൊണ്ടോ നിന്റെ തീരുമാനങ്ങളത്രയും ശരിയാണ് എന്ന് വിശ്വസിക്കാൻ ആണെനിക്കിഷ്ടം.   ഒരുപക്ഷേ മുൻവിധികളില്ലാതെ എന്നും  എന്റെ തീരുമാനങ്ങൾക്കു കൂട്ട് നിന്ന ഒരു കൂട്ടുകാരനോടുള്ള മര്യാദ മാത്രമാവാം അത് . നീ എവിടെ തന്നെയാണെങ്കിലും , എന്ത് തന്നെ ചെയുകയാണെങ്കിലും ഒരു വിളിപ്പുറം അകലെ നിന്റെ വിശേഷങ്ങളറിയാൻ കാത്തിരിക്കുന്ന , നിന്റെ പരാതികളും പരിഭവങ്ങളും കാതോർത്തിരിക്കുന്ന ഒരു കൂട്ടുകാരി ഉണ്ടെന്നു മാത്രം അറിയുക . നിനക്ക് ചെയ്തു തീർക്കേണ്ടവയ്‌ക്കു ശേഷം  പയ്യെ എന്നെങ്കിലും ഒരിക്കൽ തിരിച്ചുവരിക. ഞാനെഴുതിയ കത്തുകൾക്കൊക്കെയും മറുപടി തരുക .

ഇന്നലെ ഒരു മരണവീട്ടിൽ പോയി . മരണത്തോടൊപ്പം മനുഷ്യനെ ജീവിതത്തെക്കുറിച്ചു ചിന്തിപ്പിക്കുന്ന ഒന്നുമില്ലെന്ന് പണ്ടൊരിക്കൽ നീ പറഞ്ഞത് ഞാൻ ഓർക്കുന്നു . ഓരോ മനുഷ്യൻ്റെയും മരണം ജനനത്തോടൊപ്പം കൂട്ടിച്ചേർത്തു എഴുതപ്പെട്ടിരിക്കുന്നു എന്ന് ഇന്നലെ എനിക്ക് തോന്നി. നാം എന്ത് തന്നെ ചെയ്താലും, ഏതു തരത്തിൽ തീരുമാനങ്ങൾ എടുത്താലും ഒടുവിൽ നമുക്കായി തീരുമാനിച്ചുറപ്പിച്ച മരണത്തിൽ  നാം എത്തിച്ചേരുന്നു . തിരഞ്ഞെടുക്കാൻ പാകത്തിന് 1000 വഴികൾ . പക്ഷെ ഈ  വഴികൾ അത്രയും നമ്മളെ എത്തിക്കുന്നത് ഒരേ ലക്ഷ്യസ്ഥാനത്താണ് എന്ന് നാം തിരിച്ചറിയാതെ പോകുന്നതാണെങ്കിലോ?

ആവോ . വെറുതെ ഇരുന്നു ആലോചിച്ചു കൂട്ടാൻ എന്ത് രസമാണല്ലേ .

അടുത്ത ആഴ്ച നാട്ടിൽ വരണമെന്ന് കരുതുന്നു . നീ ഇല്ലാത്തതുകൊണ്ട്  അവിടെ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല. അതുകൊണ്ടു  പെട്ടെന്ന് തിരിച്ചുപോകും.  എന്നാലും നമ്മുടെ പതിവ് സ്ഥലങ്ങളെല്ലാം ഒന്ന് കാണണം . പഴയ ചില കാര്യങ്ങൾ ഒരിക്കൽ കൂടി ഓർത്തെടുക്കണം .

നാട്ടിലെ വിശേഷങ്ങൾ അടുത്ത കത്തിൽ എഴുതാം.  പിന്നെ…. ഉം ….. ഇടക്കെപ്പോഴെങ്കിലും …….ആ …..

രവി, കാണാം ….  

കമല