CEC – ഒരു കോളേജാർമ്മ
മുണ്ടക്കയത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് ഉപരിപഠനത്തിനു വണ്ടി കയറുമ്പോൾ പ്രത്യേകിച്ച് ഒരു വികാരവുമുണ്ടായിരുന്നില്ല. കിട്ടി, കിട്ടീല്ല എന്ന തരത്തിൽ കൈവിട്ട് പോയ RIT ഉം , ചെങ്ങന്നൂരിലാണ് പഠിക്കാൻ പോകുന്നത് എന്ന് പറയുമ്പോൾ “അയ്യോ..അതെന്താ അമൽ ജ്യോതിയിൽ ചേരാഞ്ഞേ എന്ന നാട്ടുകാരുടെ ചോദ്യവും മനസ്സിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു. ആകാശത്തിലൂടെ തൂക്കുപാലവും, കൈകൊടുക്കുന്ന റോബോട്ടുമുള്ള എന്റെ സ്വപ്നങ്ങളിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്ന് CEC ഏറെ വിഭിന്നമായിരുന്നു. പ്രവേശന കവാടത്തിൽ നിന്ന് അധികം അകലെയല്ലാതെ തലയുയർത്തി നിൽക്കുന്ന ആ വൻ മരമല്ലാതെ കോളേജിൽ എല്ലാം ചെറുതാണ്. ചെറിയ ക്യാംമ്പസ്, ചെറിയ ഗ്രൗണ്ട്, വെറും സാധാരണക്കാരായ മനുഷ്യർ.
ജീവിതത്തിൽ ചേർത്ത് പിടിക്കാൻ പാകത്തിന് ഒരു പിടി ഓർമ്മകൾ സമ്മാനിക്കാൻ വല്യ സെറ്റപ്പോ, മനം മയക്കുന്ന ബാഹ്യ മോടികളോ വേണ്ട എന്നതാണ് CEC എന്നെ പഠിപ്പിച്ച ആദ്യ പാഠം. ഓഡിയറ്റോറിയത്തിനും MHനും മുന്നിൽ നിരന്ന് നിന്ന് ജൂനിയേഴ്സിനെ പിടിക്കുന്ന സീനിയർസ്, കമന്റടി , ചെണ്ട കൊട്ടും ആർപ്പുവിളികൾക്കപ്പുറം പൂക്കളത്തിന്റെ ഉത്ഭവും, മാവേലിയുടെ കുടുംബ ചരിത്രം വരെ ചോദിച്ചും, പഠിപ്പിച്ചു തന്ന ഓണവും, LKG ൽ തവളചാട്ടത്തിന് ഒന്നാം സമ്മാനം കിട്ടിയവനെ കൊണ്ട് ഹൈ ജമ്പും, ലോങ്ങ് ജമ്പും, ഒന്നു പറ്റിയില്ലെങ്കിൽ മാർച്ച് പാസ്റ്റിന് വെള്ളം എടുത്ത് കൊടുക്കാനെങ്കിലും നിർത്തിയിരുന്ന സ്പോർട്സും, ബാത്ത്‌റൂമിൽ മൂളിപാട്ട് പാടിയിരുന്നവരെ വരെ സ്റ്റേജിൽ എത്തിച്ച ഫസ്റ്റ് ഇയർ ആർട്‌സും..പറയാൻ ഒരു ഒരുപാടാണ്. പക്ഷേ എല്ലാറ്റിനുപരിയായി, ഒടുവിൽ തോളിൽ തട്ടി ,”നന്നായിരുന്നു കേട്ടോ!!” എന്ന് പറയാൻ മടിക്കാത്ത ചേട്ടൻമാരും ചേച്ചിമാരും ചേർന്നതായിരുന്നു CEC.
സെക്കന്റ് ഇയർ മുതൽ ആരാധനപാത്രമായ സീനിയർസിനെ ഒരല്പ്പം പോലും തെറ്റാതെ ഒപ്പിയെടുത്തുള്ള ഒരു തനിയാവർത്തന കളരിയാണ്.
കൊറിഡോറിലും, സ്റ്റെപ്പുകളിലും ഇരുന്നുള്ള സൊറപറച്ചിൽ, ക്യാന്റീൻ, സപ്ലി എഴുതാൻ വന്ന ചുവന്ന കണ്ണാടിയുള്ള ചേട്ടൻ മുതൽ, പുല്ല് വെട്ടാൻ വരുന്ന ചേട്ടനെയും ചേച്ചിയെയും വരെ ചേർത്തുള്ള കളിയാക്കൽ പരമ്പര, തേച്ചാലും തൂത്താലും മായാത്ത ഇരട്ടപേരുകൾ, പ്രേമം എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ആൺ-പെൺ സൗഹൃദങ്ങൾ, ഇതു തമ്മിൽ നേർത്ത അതിർവരമ്പ് മാത്രമുള്ള സൗഹൃദങ്ങൾ, രഹസ്യവും പരസ്യവുമായ സ്നേഹബന്ധങ്ങൾ, ഒരു മര്യാദയുമില്ലാതെ കയ്യിട്ട് വാരുന്ന ഉച്ചയൂണ് സമയങ്ങൾ,അയലത്തെ വീട്ടിലേ പട്ടിയുടെ പ്രസവത്തിന്റെ പേരും പറഞ്ഞ് ചിലവ് വാങ്ങൽ, വാലിന് തീ പിടിച്ച പോലെ ഓടിനടന്ന് പഠിച്ച്ഒ സീരിയസ് എക്സാമും, ലാബും, പ്രൊജക്റ്റ് ഹവറിലെ ലൂഡോ മാരത്തൺ, കണ്ടവന്റെ കോഡും, ആർക്കും പിടികൊടുക്കാത്ത വിധമുള്ള ബ്രില്ല്യന്റ് പ്രസന്റേഷൻ പ്ലാനിംഗും,കോളേജ് ഡേ, ഡ്രസ്സ് കോഡ്, സ്ലോട്ട്, എന്റട്രി എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒരു നൂറായിരം കാര്യങ്ങളായിരുന്നു CEC. ഒരു പക്ഷെ അതാവാം, എവിടെ പോയാലും എന്തോ കുറവുള്ളതായി തോന്നുന്നത്. അതാവാം, എന്നെ പോലെ പലരും പിന്നെയും പിന്നെയും ഇവിടേക്ക് തിരിച്ചുവരുന്നത്. ഒരിക്കലും മറക്കരുത് എന്നാഗ്രഹിക്കുന്ന ചിലത് ഓർത്തെടുക്കാനാണ്, ആ ചിരികളും ചിന്തകളും വീണ്ടെടുക്കാനാണ്, ഫോട്ടോകളും കാട്ടികൂട്ടിയ കോപ്രായങ്ങളുടെ വിഡിയോയും ഹാഷ്ടാഗുകളിട്ടും, മേജർ മിസ്സീംഗ് എന്ന് സ്റ്റാറ്റസ് ഇട്ടും ഷെയർ ചെയ്തു ഞങ്ങൾ നിർവൃതിയടയുന്നത്. അതെ CEC, നീ ചെറുതാണെങ്കിലും, ഇടയ്ക്ക് ടാപ്പിലും ടൊയ്ലറ്റിലും വെള്ളം ഇല്ലെങ്കിലും, തേക്കിന്റെ ഡസ്റ്റ് ബിൻ ഇല്ലെങ്കിലും , “We Still Love You”.
എന്ന്
തിരിച്ചുകിട്ടാത്ത ആ കാലത്തെ ഓർത്ത് കണ്ണീരൊഴുക്കുന്ന ഒരു പൂർവ്വവിദ്യാർത്ഥി