മലയാളം
സ്വപ്നങ്ങൾ ഉപേക്ഷിച്ച ജീവിതം നിറം വറ്റിയ ചിത്രംപോലെയാണ് .

സ്വപ്നങ്ങൾ ഉപേക്ഷിച്ച ജീവിതം നിറം വറ്റിയ ചിത്രംപോലെയാണ് .

അയാൾ ഒരു ചിത്രകാരനായിരുന്നു .ആശയങ്ങൾക്ക്‌ നിറം നല്കിയിരുന്നവൻ .സ്വപ്നങ്ങൾക്ക് വർണങ്ങൾ പകരുന്നവൻ . എന്താണ് അയാളെ  ഒരു ചിത്രകാരൻ ആകാൻ പ്രേരിപ്പിച്ചത്   എന്ന് അയാൾക്ക്‌ ഓർമയില്ല. പക്ഷെ നിർജീവമായ വരകൾക്ക്‌ അർത്ഥവും നിറവും നൽകുമ്പോൾ സ്വന്തം കുഞ്ഞിനെ ആദ്യമായി കൈകളിലെടുക്കുന്ന ഒരമ്മയെ പോലെ അയാളും അഭിമാനിച്ചിരുന്നു.പക്ഷെ എന്നോ എപ്പോഴോ ആ നിമിഷങ്ങൾ നൽകിയിരുന്ന സന്തോഷം അയാൾ മറന്നുവെന്നുവേണം  കരുതാൻ . വഴിയിലെവിടെയോ വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന ഒരു സഞ്ചാരിയെപോലെ അയാളും  അയാളുടെ സ്വപ്നങ്ങൾ എന്തിനോ വേണ്ടി പണയം വച്ചു .വർഷങ്ങൾ ഒത്തിരി കടന്നുപോയി . സ്നേഹിച്ചവരും സ്നേഹം നൽകിയവരും മണ്ണടിഞ്ഞു. അയാൾ മാത്രം ബാക്കി ആയി.അതാണ് ആ പഴയ സ്റ്റുഡിയോയിലേക്ക് തിരിച്ചു ചെല്ലാൻ അയാളെ പ്രേരിപ്പിച്ചത് .പഴയ ചിത്രങ്ങളെ പൊടി തട്ടി എടുക്കാൻ അയാളെ നിർബന്ധിച്ചത് .ഉപേക്ഷിച്ചു പോയ യജമാനനെ നന്ദിയോടെ കാത്തുകിടക്കുന്ന ഒരു നായയെ പോലെ ആ ചിത്രങ്ങൾ അയാൾക്കായി കാത്തുകിടപ്പുണ്ടായിരുന്നു .ഓർമ്മകളുടെ ആ പണിപ്പുര, സ്വപ്നങ്ങളുടെ ആ നെയ്ത്തുശാല അയാളെ പഴയ അയാളിലേക്ക് കൂട്ടിക്കൊണ്ടു പോയി  .കൊച്ചു കൊച്ചു സന്തോഷങ്ങളുടെ , സങ്കടങ്ങളുടെ , നഷ്ടബോധങ്ങളുടെ ആ ചിത്രങ്ങൾ വിസ്മരിക്കപ്പെട്ടുപോയ ഒരു വസന്തകാലത്തെകുറിച്ചു അയാളെ ഓർമ്മിപ്പിക്കുകയായിരുന്നു. ഓരോ ചിത്രങ്ങളും അയാൾ സൂക്ഷ്മതയോടെ നിരീക്ഷിച്ചു. ആ വരകളിൽ അയാള് തന്നെ തന്നെ കണ്ടു. തനിക്കു വന്നു ചേർന്ന പരിണാമം കണ്ടു . ആ വരകളിൽ ഒളിഞ്ഞുകിടന്നിരുന്നത് താനും തൻറ്റെ സ്വപ്നങ്ങളുമാണെന്ന തിരിച്ചറിവ് അയാളുടെ കണ്ണുകൾ നനയിച്ചു . അപ്പോഴാണ് പാതി വരച്ച ആ ചിത്രം അയാളുടെ കണ്ണുകളിൽപെട്ടത്‌ .താൻ മൂലം ലോകം കാണാൻ കഴിയാതെ പോയ ആ ചിത്രം നെഞ്ചോടു ചേർത്ത് അയാൾ പൊട്ടിക്കരഞ്ഞു .ഒരു പക്ഷെ അത് മൗനമായ ഒരു മാപ്പ് അപേക്ഷയാവാം .എടുത്ത തീരുമാനങ്ങളെ ഓർത്തുള്ള കുറ്റബോധമാവാം .

എന്തിരുന്നാലും അല്പം വൈകിയെങ്കിലും ആ ചിത്രത്തിന് ജീവൻ നല്കാൻ അയാൾ തീരുമാനിച്ചു.പണ്ടൊരിക്കൽ വലിച്ചെറിഞ്ഞ ആ ചായങ്ങൾ അയാൾ വീണ്ടും കൈയിലെടുത്തു .നിറം നഷ്ടപ്പെട്ടുപോയ ആ ചിത്രത്തിനും തൻറ്റെ  ജീവിതത്തിനും നിറം നല്കാൻ …

Leave a Reply