മനുഷ്യന് ഒരു ആമുഖം – സുഭാഷ് ചന്ദ്രൻ
കഴിഞ്ഞ birthday-ക്ക് എന്റെ ഓഫീസ് ഫ്രണ്ട്സാണ് ‘മനുഷ്യന് ഒരു ആമുഖം’ എനിക്ക് gift ചെയ്തത്. 400-ൽ അധികം പേജുള്ള പുസ്തകത്തിനെ , നാല് ഭാഗങ്ങളായി തിരിച്ചാണ് മനുഷ്യജീവിതത്തെക്കുറിച്ച് കഥാകാരൻ എഴുതിയിരിക്കുന്നത് എന്ന് കേട്ടിരുന്നു. പക്ഷേ കുറച്ച് പേജുകളിൽ, കുറച്ച് വാക്കുകളിൽ നിസ്സാരമായി കുറിക്കാവുന്ന ഒന്നാണോ ജീവിതം?.
സംശയങ്ങളൊക്കെ മാറ്റി വച്ച് വായിച്ചു തുടങ്ങി. ജിതേന്ദ്രൻ എന്ന മനുഷ്യനെ കേന്ദ്രീകരിച്ച് മനുഷ്യനെയും അവന്റെ മറച്ചുപിടിക്കാനാവാത്ത സമാനതകളെയും,വികാര വിചാരങ്ങളെയും കഥാകാരൻ വരച്ചുകാട്ടുന്നു.ഒരേ സമയം അത് ജിതേന്ദ്രന്റെയും മനുഷ്യന്റെയും ആ കാലഘട്ടത്തിന്റെയും കഥയായിത്തീരുന്നു. തുറന്നുപറച്ചലിന്റെ ഒരു കുമ്പസാരകൂട്ടിലെന്ന പോലെ മനുഷ്യന്റെ വ്യർത്ഥാഭിമാനങ്ങളെയും, പൊള്ളത്തരങ്ങളെയും, സ്വഭാവവൈകല്യങ്ങളെയും അതിന്റെ തിളങ്ങുന്ന പുറം കീറി കഥാകാരൻ പുറത്ത് കൊണ്ടു വരുന്നു. ഒടുവിൽ, പൂർത്തിയാക്കാനാവാതെ ശ്യൂനത സംവഹിച്ച് മരിച്ചുപോയ ഒരാത്മാവ് ബാക്കി വച്ചതിന് കാലങ്ങൾക്കപ്പുറം ഉയിർപ്പിന്റെ ഒരു മൂന്നാം നാൾ ഉണ്ടാവും എന്ന പ്രത്യാശയിലാണ് നോവൽ അവസാനിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പാട് ചോദ്യങ്ങളും ഉത്തരങ്ങളും അതിലേറെ തിരിച്ചറിവുകളും നല്കി ഒരു മനുഷ്യന്റെ ജീവിതത്തിന് പൂർണ്ണമെന്നോ അപുർണ്ണമെന്നോ വിധിക്കാനാവാത്ത ഒരാമുഖം തന്നെയാണ് ഈ നോവൽ.
ഇതിനപ്പുറം ഭാഷാഭംഗിയും detailing -ഉം വളരെ മനോഹരമായി തോന്നി. ഒരാളുടെ ജനനം മുതലുള്ള കാര്യങ്ങൾ ജീവിതാനുഭവങ്ങൾ ആണെങ്കിലും അല്ലെങ്കിലും ഇത്രയും വിശദമായി പകർത്താൻ കഴിയുക എന്നത് സുഭാഷ് ചന്ദ്രൻ എന്ന് എഴുത്തുകാരന്റെ വൈഭവവും സമർപ്പണബോധവുമാണ് എനിക്ക് കാണിച്ചു തന്നത്.
ആസ്വാദനം വായനക്കാരന്റെ സ്വാതന്ത്ര്യം ആയതിനാൽ അതിൽ കൈകടത്തുന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കാം. ഞാനെന്ന വായനക്കാരി പൂർണ്ണ സന്തുഷ്ടയാണ്.അതു കൊണ്ടുതന്നെ വായിക്കാത്തവർക്ക് ഉറപ്പായും list ചെയ്യാവുന്നതാണ്.