നേരമ്പോക്ക്
എടാ അബുവേ,ഈ ജീവിതം എന്ന് പറയുന്നത് പണ്ടാരോ പറഞ്ഞത് പോലെ ഒരു പ്ളുങ്ക്
പാത്രം പോലെ ആണെന്നേ.എന്ന് വച്ചാൽ സൂക്ഷിച്ചു ഹാൻഡിൽ ചെയ്തില്ലെങ്കിൽ ‘ഠിം’ താഴെ വീണ് തീരും.പക്ഷെ സൂക്ഷിക്കണം എന്ന് പറയുമ്പോ…..അതിപ്പം എങ്ങനെയാ…..??
ആ…ആർക്കറിയാം…അതിന് ആദൃം ഒരുത്തരം കണ്ടെത്തണം.Yes,an answer to a very important question,”WHAT IS LIFE?”
ഞമ്മളിപ്പം ആകെ പെട്ടിരിക്കാണല്ലോ ഖടിയേ….നിങ്ങൾ ചോയിച്ചത് പെരുത്ത് കട്ടിയുള്ള ചോദൃം തന്നെ.ജീവിതം എന്താന്ന് ഒക്കെ ചോയിച്ചാൽ…..ഇതിപ്പം ആകെ പുലിവാലായല്ലോ എന്റെ റബ്ബേ….അല്ല..പെട്ടെന്ന് എന്താ ഇങ്ങനൊക്കെ..അബു ചോദിച്ചു.അബു ചോദിച്ചത് നേരാ,പെട്ടെന്നിപ്പം എന്താ ഇങ്ങനൊക്കെ തോന്നാൻ…ആ തനിക്കുമറിഞ്ഞുകൂടാ.വെറുതെ വരുന്നവരെയും പോണവരെയും നോക്കി ഇരുന്നപ്പോ…
സന്ധ്യമയങ്ങി കഴിയുമ്പോ ഒരു സിഗരറ്റുകുറ്റിയും വലിച്ചു കൈലിമുണ്ടുമുടുത്ത് നാൽ കവലയിലൂടെ പോണവരെയും വരുന്നവരെയും നോക്കിയിരിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ക്ഷീലമല്ല .10 പാസ്സായപ്പോൾ തൊട്ടുള്ളതാ ..പക്ഷെ അന്നും ഇന്നും തമ്മിൽ എന്തൊക്കെ മാറ്റങ്ങൾ .കൊല്ലം എത്രയങ്ങു കടന്നു പോയി .അന്നത്തെ പൊട്ടപയ്യനിൽ നിന്ന് ഇന്നത്തെ തന്നിലേക്കുള്ള വളർച്ച അയാളെ വല്ലാതെ അത്ഭുതപ്പെടുത്തി .എല്ലാം ഒരു മായാജാല കഥ പോലെ .ഇന്നിപ്പോൾ താൻ വലിയൊരു വിദേശകമ്പിനിയിൽ ജോലി ചെയ്ത് പണ്ടെന്നോ കണ്ട സ്വപ്നങ്ങൾ യാത്ഥാർഥൃങ്ങൾ ആക്കുന്നു .പക്ഷെ ഒരു വിദേശകമ്പിനിയുടെയും ശീതികരിച്ച മുറിയോ ,ആംഗ്ലേയൻ ഭാഷയിൽ സംസാരിക്കുന്ന ആഷ് പോഷ് സുഹൃത്തുക്കളോ സലിം ഇക്കയുടെ പീടികയുടെ മുന്നിൽ ഇരുന്നു അബുവിനോട് സൊറ പറയുന്നതിനൊപ്പം സന്തോഷം തന്നിട്ടില്ല.ഈ സൊറ പറച്ചിലിനിടയിൽ എങ്ങു നിന്നോ എവിടെ നിന്നോ കേറിയതാണ് ഈ നാശം പിടിച്ച ചോദ്യം.
ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു .അന്ധകാരത്തോടൊപ്പം എങ്ങും നിശബ്ദതയും പരക്കുന്നു .എന്തിനെ കുറിച്ചെങ്കിലും ഓർത്തു വട്ടവൻ നല്ല best atmosphere ആണ് ഈ ഇരുട്ടും നിശബ്ദതയും ഒക്കെ.നമ്മുടെ ചുറ്റിലും ആരുമില്ല എന്ന തോന്നലുണ്ടാവും.കാര്യം ഭ്രാന്താണെങ്കിലും ജീവിതത്തെ ചോദ്യം ചെയ്യുന്നവരിൽ അധികവും ഒരിടത്തും എത്തിയിട്ടില്ല എന്നത് വാസ്തവം ആണെങ്കിലും വേറെ പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തതുകൊണ്ട് ഇതുവരെ സഞ്ചരിക്കാത്ത ആ പുതിയ വഴിയിലൂടെ ഒന്ന് പോയി നോക്കാം എന്ന് തന്നെ അയാൾ നിരീച്ചു .അതെ ,എന്താണീ ജീവിതം ?.എന്താണതിന്റെ ലക്‌ഷ്യം?
എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്ന ഒരു യാത്ര.പക്ഷെ യാത്ര തുടങ്ങുമ്പോൾ യാത്ര തുടങ്ങുന്നവനു പോലും അറിഞ്ഞുകൂടാ എങ്ങോട്ടാണെന്ന് ..ഒന്നാം ക്ലാസ്സിൽ വള്ളി നീക്കറുമിട്ട് പള്ളിക്കൂടത്തിൽ പോയപ്പോൾ താൻ വിചാരിച്ചോ ഭാവിയിൽ ബീഡി കുറ്റിയും വലിച്ചു പെരുവഴിയിലും വായിനോക്കി ഇരുന്നു ഇങ്ങനെയെല്ലാം ചിന്തിച്ചു കൂട്ടുമെന്ന് .ഏയ് ..never ..പോട്ടെ..തന്റെ അച്ഛനും അമ്മയും തന്റെ മകന്റെ ഭാവി ഇങ്ങനൊക്കെ ആയിത്തീരുമെന്നു സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല.ഇതൊക്കെ എങ്ങനെയോ കാലത്തിന്റെ പോക്കിൽ സംഭവിച്ചതാണ്.പണ്ട് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് കരുതിയതെല്ലാം ഇന്ന് അപ്രധാനങ്ങൾ ആയി മാറിയിരിക്കുന്നു.പന്ത്രണ്ടാം വയസ്സിൽ ആദ്യമായി ഒരു സൈക്കിൾ വാങ്ങിയപ്പോൾ ഇതിൽ പരം ഒരു സന്തോഷവും തനിക്കിനി ഈ ജീവിതത്തിൽ കിട്ടാനില്ല എന്ന് കരുതിയ മണ്ടത്തരത്തെയോർത്തു അയാളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. പത്തിൽ വെച്ച് ആദ്യമായി മുണ്ടുടുത്തത് ,പന്ത്രണ്ടിൽ വെച്ച് പൊടി മീശ മുളച്ചത്,കോളേജിൽ വെച്ച് കൂടെ പഠിച്ച ലീനയ്ക്കു പ്രേമലേഖനം കൊടുത്തത് .അങ്ങനെ പിന്നീടങ്ങോട്ട് എത്രയെത്ര കാര്യങ്ങൾ .എല്ലാം ഇന്നലെ നടന്നതുപോലെ തോന്നുന്നു .സത്യത്തിൽ ഈ കാര്യങ്ങൾക്കൊക്കെ തന്റെ ഇന്നത്തെ ജീവിതവുമായി എന്ത് ബന്ധമെന്ന് ചോദിച്ചാൽ ഇപ്പോൾ തനിക്കു ഉത്തരമില്ല.ഇവയൊക്കെ എന്തിനു സംഭവിച്ചു എന്ന് ചോദിച്ചാലും തനിക്കറിഞ്ഞു കൂടാ .തന്റെ ഇത്ര വരെയുള്ള ജീവിതം ഒരു സിനിമ ആക്കി വേറൊരാളെ കാണിച്ചാൽ അയാളെ സംബന്ധിച്ചിടത്തോളം ഈ സംഭവങ്ങൾ ഒന്നും പ്രാധാന്യം അർഹിക്കുന്നവ ആകണമെന്നില്ല.പക്ഷെ തനിക്കവ എല്ലാം വില മതിക്കാനാവാത്ത ഓർമ്മകളാണ് .ഇപ്പോൾ അയാൾക്ക് തോന്നുന്നത് ഈ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും കാണുന്നതും പരിചയപെടുന്നതുമായ ഓരോ വ്യക്തികളും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.നമുക്കാർക്കും മനസിലാവാത്ത ഒരു അദൃശ്യമായ ഒരു കണ്ണി ഇവയെല്ലാം അന്യോന്യം ബന്ധിപ്പിക്കുന്നു .ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ ഒരു ക്യാമറയിൽ
ഒപ്പിയെടുത്തു പ്ലേ ചെയ്താൽ ഇത് മനസിലാക്കാൻ സാധിക്കുമെന്ന് അയാൾക്ക് തോന്നുകയാണ്.അതെ,ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യത്തിനും തിരിച്ചറിയപ്പെടാതെ നന്മ നിറഞ്ഞ ഒരു ലക്‌ഷ്യം.പക്ഷെ ഇതൊക്കെ എത്ര പേര് തിരിച്ചറിയുന്നു,നാം എന്തൊക്കെ ചെയ്താലും പ്രവർത്തിച്ചാലും വിധി എന്ന രണ്ടക്ഷരത്തെ തടുക്കാനാവില്ല.അത് പ്രകൃതി നിയമമാണ്.ഇത് തിരിച്ചറിയാതെ എല്ലാവരും പരസ്പരം പഴിചാരുന്നു,കുറ്റം ചുമത്തുന്നു .മറ്റൊരാളെ ചവിട്ടി താഴ്ത്തി എന്തൊക്കെയോ നേടിയെടുക്കാൻ ശ്രമിക്കുന്നു.എന്തിനു വേണ്ടി..ഈ പ്രവണതയിൽ നിന്ന് വേറിട്ട് നിൽക്കുന്നവരെ സമൂഹം ഭ്രാന്തൻ എന്ന് മുദ്രകുത്തുന്നു .സ്വപ്ന ജീവികൾ എന്ന് വിളിച്ചു ആക്ഷേപിക്കുന്നു.മണ്ടൻ സിദ്ധാന്തങ്ങളും വിപ്ലവകരമായ ചിന്തകളും എന്ത് നേടി തന്നു എന്ന് പരിഹസിക്കുന്നു.അതെ,ഈ ലോകം ചിന്തിക്കുന്നവർക്ക് വേണ്ടി ഉള്ളതല്ല .മറിച്ചു ചിന്തകൾ മരവിപ്പിച്ചു പ്രായോഗികത കുത്തി നിറച്ചു തലച്ചോറ് വീർപ്പിക്കുകയും മനസ്സ് ചുരുക്കുകയും ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ് .
രവി..ഡാ പഹയാ ,രാത്രിയായി എന്നുള്ള അബുവിന്റെ വിളി ആണ് അയാളെ തന്റെ മനോരാജ്യങ്ങളിൽ നിന്നുണർത്തിയത് .കത്തി തീരാറായ സിഗരറ്റ് വഴിയിലേക്ക് വലിച്ചെറിഞ്ഞ്,ഒരു ചെറു പുഞ്ചിരിയോടെ നമുക്ക് പോയേക്കാം എന്ന് പറഞ്ഞു ആയാൾ പതുക്കെ തന്റെ കൂട്ടുകാരനോടൊപ്പം സ്വന്തം വീട്ടിലേക്കു തിരികെ നടക്കുന്നു.വലിച്ചെറിഞ്ഞ സിഗരറ്റിനൊപ്പം സ്വന്തം ചിന്തകളും അയാൾ അവിടെ ഉപേക്ഷിച്ചു .കത്തിയമരുന്ന സിഗരറ്റിനൊപ്പം തന്നെ തന്റെ ചിന്തകളും കത്തിയമരട്ടെ എന്ന ചിന്തയോടെ .പക്ഷെ തീയണഞ്ഞ ആ സിഗരറ്റ് കുറ്റിയുടെ അവശിഷ്ടം പോലെ ആ ചിന്തകളും ആ വഴിയരികിൽ പൂർണത ഇല്ലാതെ കാത്തുകിടക്കുന്നു .എന്നെങ്കിലും ആരെങ്കിലും തങ്ങളെ വീണ്ടെടുക്കും എന്ന പ്രതീക്ഷയോടെ .