മലയാളം
Art in Heart/ ചില കലയോർമ്മകൾ

Art in Heart/ ചില കലയോർമ്മകൾ

ഇന്നാണ് പൂമരം  എന്ന പടം കാണുന്നത്. അതിന്റെ after effect  ആണോ അതോ കുറേ കാലം എഴുതണം  എന്ന് തോന്നിയിരുന്ന വിഷയം ആയതു കൊണ്ടാണോ എന്നറിയില്ല, ഇന്നെഴുതുന്നു.

എൻ്റെ സ്കൂൾ കോളേജ് ഓർമ്മകളിൽ കൂടുതലും കലാമത്സരങ്ങളുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു .സ്കൂളിൽ ഒരു  ഏഴാം ക്ലാസ് കഴിഞ്ഞാണ് ഞാൻ വ്യക്തിഗത ഇനങ്ങളിൽ പങ്കെടുത്തു തുടങ്ങുന്നത്. അപ്പോഴാണ് തന്നെ എന്തെങ്കിലും പഠിച്ചു സ്റ്റേജിൽ അവതരിപ്പിക്കാറായത് എന്ന് പറയാം .സ്റ്റേജിൽ അവതരിപ്പിക്കുന്ന സന്തോഷത്തിനു പ്രാധാന്യമുണ്ടായിരുന്നെങ്കിലും അതിലേറെ House പോയിന്റ് സമ്മാനം കിട്ടുന്നതിൻറ്റെ സന്തോഷം എന്നിവയ്ക്കുവേണ്ടിയാണ് അന്ന് മത്സരിച്ചിരുന്നത്. ഒരു പക്ഷെ പഠിക്കാൻ മാത്രമല്ല വേറെന്തിനേലും കൂടി കൊള്ളാം എന്ന് സ്വയം വിശ്വസിപ്പിക്കുക, മറ്റുള്ളവരെ വിശ്വസിപ്പിക്കുക എന്നതായിരിന്നു കാണും ലക്ഷ്യം. ഓർമ്മയില്ല.

അത് കഴിഞ്ഞു കോളേജ്. ടെക്നിക്കൽ വിഷയങ്ങളിൽ ഞാൻ തന്നെ സൃഷ്ടിച്ചെടുത്ത ഒരു അപകർഷ ബോധം പണ്ടു തൊട്ടേ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അതിൽ നിന്ന് കഴിവതും ഒഴിഞ്ഞുനിന്നു. ആദ്യം വന്ന event ആയ  സ്പോർട്സ്സിനും വെള്ളമെടുത്തു കൊടുക്കാനല്ലാത്ത ഒന്നിനും പറ്റിയില്ല. എല്ലാവരും സ്പോർട്സ്സ് എന്ന് പറഞ്ഞു ആവേശം കൊള്ളുമ്പോൾ, മാർച്ച് പാസ്റ്റ് കഥകൾ പറയുമ്പോൾ എനിക്ക് പറയാൻ ഒന്നുമില്ല. ആ സങ്കടത്തിലാണ് ഫസ്റ്റ് ഇയർ  ആർട്സിനു വരുന്നത് വരട്ടെ എന്നോർത്ത് നിരത്തി പേര് കൊടുക്കുന്നത്.എല്ലാവർക്കും വേണ്ട ഡാൻസ് കയ്യിലില്ല. പാട്ട് …ജസ്റ്റ് പാടും എന്നല്ലാതെ സൂപ്പർ ഒന്നും അല്ല… പിന്നെഉള്ള കവിത, രചനാ മത്സരങ്ങൾ, ജാം, ഡിബേറ്റ് എന്നിവയായിരുന്നു എൻ്റെ ഇനങ്ങൾ. കൂടെ ഒരു ഷോർട്ട് ഫിലിമും ഒത്തു കിട്ടി. ഈ  ഫസ്റ്റ് ആർട്സിൽ നിന്നാണ് ശരിക്കും കലകൾ, കവിതകൾ, പുസ്തകങ്ങൾ, സിനിമകൾ മുതലായവ എനിക്ക് തരുന്ന സന്തോഷം ഞാൻ മനസിലാക്കുന്നത്. എനിക്ക് അറിയാവുന്ന കലകൾ മാത്രമല്ല എല്ലാ events -ഉം എനിക്ക് ഒരു പോലെ സന്തോഷം തന്നിരുന്നു. ടെക്നിക്കൽ കോളേജിലാണ് പഠിച്ചതെങ്കിലും എനിക്കേറ്റവും ഇഷ്ടമുള്ള കോളേജ് ഓർമ്മകളിലധികവും. ആർട്സിന്റെ ആഴ്ചകളെ ചുറ്റിപറ്റി ആണ്. ഓൺ സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങൾ , വൈകുന്നേരങ്ങളിലുള്ള  പ്രാക്റ്റീസുകൾ , ഒരു  സ്റ്റേജിൽ നിന്ന്  മറ്റേ  സ്റ്റേജിലേയ്ക്കുള്ള ഓട്ടങ്ങൾ , സ്റ്റേജിൽ കേറുന്നതിനു മുമ്പുള്ള  ചങ്കിടിപ്പ് , കഴിയുമ്പോഴുള്ള കയ്യടി , അഭിനന്ദങ്ങൾ അതൊക്കെ  മരിക്കുന്നിടത്തോളം  മറക്കാൻ പറ്റില്ല  എന്ന് തോന്നുന്നു . തല്ലും   വഴക്കും കാരണം ആർട്സ്  നടക്കാതെ  പോയ  ഒരു  ബാച്ച് ആണ്  എന്റേത് . അതിന്റെ സങ്കടം ഇപ്പോഴുമുണ്ട്. എന്നെ പോലെയുള്ള  ഒത്തിരി ആളുകളുടെ  സന്തോഷവും, അധ്വാനവും കാലങ്ങളായുള്ള  തയ്യാറെടുപ്പും കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് വെള്ളത്തിലായത് . അന്നും ഇത്  കലയാണ് അത് വലുതാണ്  എന്ന് പറഞ്ഞു  ആർട്സ്  കാൻസൽ  ആവുന്ന  last  moment വരെ പ്രാക്ടീസ് ചെയ്ത, കൂടെ നിന്ന ചില  സീനിയർസ്സിനേയും, ജൂണിയേർസിനെയും  കൂട്ടുകാരെയും   ഈ അവസരത്തിൽ  ഓർക്കുകയാണ് .

കോളേജും സ്കൂളും  മാറ്റി  നിർത്തിയാലും  കല എനിക്കൊത്തിരി വലുതാണ് . ഒത്തിരി പേര് തന്ന  കോൺഫിഡൻസ്സിന്റെ   പുറത്താണ്  സെക്കന്റ് ഇയറിൽ  എഴുതാൻ ഒരു  പേജ് തുടങ്ങിയത് . നന്നായി  എഴുതാൻ അറിയാവുന്നത്  കൊണ്ടല്ല , മറിച്ചു  എഴുത്തു എനിക്ക് തരുന്ന  സന്തോഷം, അത് വായിക്കുന്ന  ആർക്കെങ്കിലും കൊടുക്കുന്ന സമാധാനം  അല്ലെങ്കിൽ ആശ്വാസം, പിന്നെ  എഴുതി  നന്നാവണം  എന്ന ആഗ്രഹങ്ങൾ  മുതലായവ  ആണ്  എന്നെ  അതിനു  പ്രേരിപ്പിച്ചത് .കാലങ്ങളായി  ഒരു  കോൺടാക്റ്റും ഇല്ലാത്ത  ഒരു പഴയ  സുഹൃത്തിന്റെ , “ഇയാള്  ഇപ്പോഴേ  spotlight വരാൻ  നോക്കുവാണോ , നന്നായിട്ടു  എഴുത്താറായിട്ട്  ഷെയർ  ചെയ്താൽ പോരെ  എന്ന മെസ്സേജ് ആണ് എനിക്ക്  ആദ്യം  കിട്ടിയത് . “ എനിക്ക്  കിട്ടിയിരുന്ന  സന്തോഷം  മൊത്തം ഒറ്റയടിക്ക് തീർത്തു തന്നു . കുറച്ചു  കാലത്തേക്ക്  എഴുതാൻ പറ്റാതായി . കല  ഇത്ര ഇഷ്ടമാണേൽ  മൈൻഡ്  ചെയ്യാതിരുന്നാൽ  പോരെ  എന്ന് നിങ്ങളിൽ പലർക്കും  തോന്നും . ചോദിച്ചവരുമുണ്ട് . എനിക്കിതത്ര  സിമ്പിൾ അല്ല . കോൺഫിഡൻസ്  കുറവുണ്ട് . വളരെ പാട്പ്പെട്ടാണ്  പോസ്റ്റ്  ചെയ്യാനുള്ള ഫസ്റ്റ്  സ്റ്റെപ്പ്  എടുക്കുന്നത് . അതുകൊണ്ട് തന്നെ ഇത്തരം കമന്റുകൾ എന്നെ വേദനിപ്പിക്കാറുണ്ട്. എനിക്കത് പറയാൻ നാണക്കേടില്ല.

ഇത് മാറി കിട്ടാൻ കുറെ പാടുപ്പെട്ടു. ഇപ്പോഴും  ചിലര് ഇതുപോലത്തെ  ഓരോ  അഭിപ്രായങ്ങളുമായി  വരുമ്പോൾ  പണ്ട്  തൊട്ടുള്ള  പല കാര്യങ്ങളും  എനിക്കോർമ്മ വരും . എത്ര സിമ്പിൾ ആയിട്ടു എഴുതിയാലും, അല്ലെങ്കിൽ എന്ത് പരുപാടി അവതരിപ്പിച്ചാലും  വെറുതെ  ചൊറിഞ്ഞോണ്ട് വരുന്നവർ , വേറെ ഒരാളെ  ചൂണ്ടികാണിച്ചു  ഇങ്ങനെ  ചെയ്തൂടെ  എന്ന്  ചോദിക്കുന്നവർ , താനെന്തു  ഷോ  ആണ്  ഈ  കാണിക്കുന്നത് ഇതൊക്കെ എല്ലാരേം കാണിക്കാൻ  അല്ലെ ഈ  പോസ്റ്റ്  ചെയുന്നത്  എന്ന്  നിരന്തരമായി  സംശയം  ഉന്നയിക്കുന്നവർ , ഇതൊന്നും  പോരാത്തതിന്  പോസ്റ്റ്  ചെയുന്ന  ഒരു സാധനത്തിന്റെ കലാമൂല്യം  മാർക്കിട്ടു  നിർണ്ണയിക്കുന്നവർ , നീ  എക്സൽ  ചെയ്യാത്ത  എന്തെങ്കിലും ഉണ്ടല്ലോ എന്ന്  തമാശ ചുവയിൽ  കമന്റ് പാസ്സാക്കുന്നവർ എല്ലാവരോടും  പറയാൻ ഇത്ര മാത്രം .

  • ഒന്നിലും best  ആണെന്ന്  കരുതിയല്ല പലരും  അവർക്കിഷ്ടമുള്ളതു പോസ്റ്റ്  ചെയുന്നത് .
  • ചെയ്യുന്നത് ആ കലയോടുള്ള പൂർണ്ണ ആത്മാർഥതയോടെയും സ്നേഹത്തോടെയും  ആണെങ്കിൽ അത്  മതി  എന്നാണ്  ഞാൻ വിശ്വസിക്കുന്നത് .
  • എൻ്റെ  സന്തോഷവും , ഇത്  കണ്ടു  സന്തോഷമുണ്ടാവുന്നവരെയും ഉദ്ദേശിച്ചു  മാത്രമാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്.
  • താല്പര്യമില്ലാത്ത ആർക്കും  പേർസണൽ  ലിങ്ക് അയക്കാറില്ല . നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ കാണണ്ട. വെറുതെ ഒരാളുടെ സന്തോഷത്തിൽ മണ്ണ്  വാരി എറിഞ്ഞു അവരുടെ ഉള്ള  കോൺഫിഡൻസ് കൂടി കളയുന്നതിൽ നിങ്ങൾക്ക് എന്ത് മനസുഖമാണ് കിട്ടുന്നതെന്നറിയില്ല. എല്ലായിടത്തും അഭിപ്രായം പറയുന്ന പ്രവണത വല്ല പള്ളയിലും കളയുക.ഇനി  അവര്  ഷോ കാണിക്കുകയാണേൽ തന്നെ നിങ്ങൾക്ക്  വല്ല  നഷ്ടവുമുണ്ടോ?
  • constructive criticism  ഉണ്ടെങ്കിൽ  മറ്റയാളെ കളിയാക്കാത്ത  വിധം പറഞ്ഞു കൊടുക്കുക . അത് അംഗീകരിക്കാൻ ഉള്ള  ഹൃദയ വലിപ്പം ഒക്കെ  കലയെ  സ്നേഹിക്കുന്ന ആർക്കുമുണ്ടാവും എന്നാണ്  എൻ്റെ വിശ്വാസം . 

ഇതെനിക്ക് വേണ്ടി മാത്രമെഴുതിയതല്ല . ഒത്തിരി  കൂട്ടുകാരുടെ അനുഭവങ്ങൾ കേട്ട ശേഷം എഴുതണം  എന്ന്  വിചാരിച്ചിരുന്നതാണ് . അഭിപ്രായ  വ്യത്യാസം ഉള്ളവർ, comment  പറഞ്ഞാലേ  പറ്റു  എന്നുള്ളവർ ദയവായി പോസ്റ്റ് കാണാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക .

And for people who come forward to profess the love towards their passion, “Let nobody stop you from doing what you love. There are people out there who could see your sincerity smiling through your souls. Smile”

അപ്പൊ ശെരി .

Leave a Reply