ആത്മാവ് പാടുമ്പോൾ
തലക്കെട്ടില്ലാത്ത ഒരു തുടർക്കഥ

തലക്കെട്ടില്ലാത്ത ഒരു തുടർക്കഥ

സത്യവും മിഥ്യയും കണ്ടുമുട്ടുന്ന നേർത്ത അതിർവരമ്പിലുള്ള ഒരു നദി തീരത്താണ് നമ്മൾ .ആ തീരത്ത് തല പൊന്തി നിൽക്കുന്ന മരത്തണലിൽ ഏതാനം വാക്കുകൾ അകലെയായി നീയും ഞാനും . നിലാവിൽ കുളിച്ച  പുഴ , ഇലകളെ തഴുകി വീശുന്ന കാറ്റ് , മിന്നാമിനുങ്ങുകൾ , രാത്രിയുടെ മൂകത എന്നിവയാണ് വിദൂരത്തിലെ ഏതോ സങ്കല്പ ബിന്ദുവിൽ കണ്ണുകളുറപ്പിച്ച നമുക്ക് കൂട്ട് . എല്ലാം മനോഹരമായ ഒരു സ്വപ്നം പോലെ . സ്വർഗ്ഗം പോലെ.

രാത്രിയുടെ വശ്യമായ നിശബ്ദത കീറി ആ ചോദ്യം അന്തരീക്ഷത്തിൽ അലയടിച്ചു. “ സന്തുഷ്‌ടമായ  ഒരു ഭാവി… അത് നമ്മൾക്കും ഉണ്ടാവുമല്ലേ?” ഞാൻ സാവധാനം തലതിരിച്ച് നിന്നെ നോക്കി. നിന്റെ കണ്ണുകൾക്ക് തെല്ലനക്കമില്ല.  ആ ചുണ്ടുകളിൽ സങ്കടം കലർന്ന ഒരു പാതി പുഞ്ചിരി വിടർന്നു. എന്റെ ചോദ്യത്തിനോ നിന്റെ പുഞ്ചിരിക്കോ എന്ന് പിടി തരാതെ നിലാവത്ത് പുഴയും ഒരു പുഞ്ചിരി തൂകി.

നിന്റെ വാക്കുകളേക്കാൾ മൗനമാണ് എന്നും എന്നിൽ കൗതുകം ഉണർത്തിയിരുന്നത്. നിന്റെ ചിന്തകളെയാണ് നിന്നെക്കാൾ അധികമായി ഞാൻ  സ്നേഹിച്ചിരുന്നത്. ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന ഒരു നൂൽകെട്ടുപോലെയുള്ള നിന്റെ ചിന്തകൾ ഓരോന്നായി അടർത്തിയെടുക്കുന്നതിനെപ്പറ്റി പലവുരു ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. ഇപ്പോൾ നിനക്ക് ഞാൻ  ഏറെ ഇഷ്ടപെടുന്ന ആ മുഖമാണ്. ശരിയായ വാക്കുകൾക്ക് വേണ്ടി പരതുന്ന ആ പിഞ്ചുകുട്ടിയുടെ മുഖം.

ഒടുവിൽ മൗനം മുറിച്ച് നീ എന്നെ നോക്കി. നിശബ്ദത ഭേദിച്ച് ചുണ്ടുകൾ പതുക്കെ അനക്കി, നീ മന്ത്രിച്ചു. “ സ്നേഹം നമ്മളെയും സ്വാർത്ഥരാക്കിയല്ലേ?” ഒന്നും മനസ്സിലാകാതെ ഞാൻ നിന്റെ കണ്ണുകളിലേക്ക് നോക്കി. തലയ്ക്ക് ചുറ്റും പറക്കുന്ന മിന്നാമിനുങ്ങുകളും, നിലാവെളിച്ചവും നിന്റെ മുഖം കൂടുതൽ പ്രകാശമയമാക്കി. നീ തുടർന്നു. “സന്തോഷം അത് നമുക്ക് മാത്രമാണോ? ഒരാളുടെ സന്തോഷം വേറൊരുവന്റെ ദുഃഖമാണെന്ന് നീയറിയുന്നില്ലേ? ഈ ലോകം നിനക്കിതുവരെ മനസിലായിട്ടില്ലേ?”

” ആഗ്രഹങ്ങൾ… അത് മനുഷ്യസഹജമല്ലേ? സ്വാർത്ഥതയില്ലാതെ ഈ ലോകത്തിൽ സ്നേഹത്തിന് നിലനില്പില്ലേ?”, കണ്ണുകൾ കലങ്ങി ഞാൻ ചോദിച്ചു. “ഉണ്ടാവും. ഉണ്ടാവണം. അവാസ്തവമായ നിലനിൽക്കാത്ത ഒന്നിനെപ്പറ്റി സ്വപ്നംകാണാൻ അല്ലാത്തപക്ഷം , നമ്മൾ സ്വപ്നജീവികൾക്ക്, മനുഷ്യർക്ക് കഴിയുമോ?” പിന്നെയും അനിശ്ചിതമായ ഒരു മൗനം നമ്മെ ഗ്രസിച്ചു. ഈ ലോകത്തിൽ ഇരുൾ മാറി പ്രകാശം പരക്കുന്ന ആ പുലരി പ്രതീക്ഷിച്ചു നീയും ഞാനും ആ പുഴവക്കത്തു വിദൂരത്തിൽ കണ്ണുകളുറപ്പിച്ചു കാത്തിരുന്നു.

3 thoughts on “തലക്കെട്ടില്ലാത്ത ഒരു തുടർക്കഥ

Leave a Reply