ആത്മാവ് പാടുമ്പോൾ
ആത്മാവ് പാടുമ്പോൾ – 4
വിചാരങ്ങൾ വലയ്ക്കുന്ന വൈകുന്നേരങ്ങളിൽ ഞാൻ കൂട്ടുപിടിച്ചിരുന്നത് ഈ തേൻമാവിനെയാണ്. ഈ മാച്ചുവട്ടിലാണ് രവിയും ഞാനും ആദ്യമായി സംസാരിക്കുന്നത്. കാലങ്ങൾക്കപ്പുറം പിന്തിരിഞ്ഞ് നോക്കുമ്പോൾ ആ മാച്ചുവട്ടിലെ ഓർമ്മകളത്രയും ആ കൂട്ടുകാരനിലും അവന്റെ വർത്തമാനങ്ങളിലും ഒതുങ്ങി നിൽക്കുന്നു.
പ്രിയപ്പെട്ടത് എന്നതിന്റെ പൊരുൾ അവന് മുമ്പും ശേഷവും വല്ലാതെ മാറിയിരിക്കുന്നു. അവനെ പറ്റി ചേരാതെ, എനിക്ക് മാത്രമായി ഒന്നും അവശേഷിക്കുന്നില്ല എന്നൊരു തോന്നൽ .എന്റെ ഓർമ്മകൾക്ക് പോലും അവൻ തുല്യ അവകാശി പോലെ.. ആ ചിന്ത എന്ത് കൊണ്ടോ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. എത്ര വിചിത്രമാണല്ലേ… ഒടുവിൽ മനുഷ്യന് സ്വന്തം എന്ന് പറയാൻ ആകെയുള്ളത് അവനെ പോലെ അപൂർണ്ണനായ മറ്റൊരു മനുഷ്യൻ. അവിടെയും സ്വന്തമെന്ന് വാദിക്കാനോ, അയാളെ അറിയാമെന്ന് അവകാശപ്പെടാനോ കഴിയാത്ത വിധം അഗാധമായ അനിശ്ചിതത്വം.. രവി പറഞ്ഞിരുന്നതുപോലെ, “മനുഷ്യന് ഒരിക്കലും ഉത്തരങ്ങളല്ല.. മറിച്ച് കൂടുതൽ കൂടുതൽ ചോദ്യങ്ങളാണ്”
ഓർമ്മകളെല്ലാം പീള കെട്ടിയ കണ്ണ് കാഴ്ചകൾ പോലെ മങ്ങി തുടങ്ങിയിരിക്കുന്നു. ചില വാക്കുകൾ.. ചില വരികൾ മാത്രം കാലം തെറ്റി വരുന്ന മഴ പോലെ ഇടയ്ക്കിടെ മനസ്സിൽ അങ്ങിങ്ങായി പെയ്തൊഴിയുന്നു. ഒരിക്കൽ രവി ചോദിച്ചത് പെട്ടന്നിപ്പോൾ മനസ്സിൽ തെളിയുന്നു, ” ശൂന്യത കൂടൂതൽ ശൂന്യമാകുമോ, ഇരുൾ പിന്നെയും ഭയാനകമാം വിധം ഇരുളുമോ, നിശബ്ദത ഇതിലും നിശബ്ദമാവുമോ? ” . ഒന്നും മനസ്സിലാവാത്ത വിധം രവിയെ നോക്കിയതും ആവോ എന്ന് പറഞ്ഞ് ഒരു ചിരി പാസ്സാക്കിയതും പിന്നെ അത് വർത്തമാനങ്ങളിൽ മുങ്ങി പോയതും ഇപ്പോൾ ഓർമ്മ വരുന്നു.
മാവ് പൂത്തിരിക്കുന്നു. ഓർമ്മകൾ പിന്നെയും പിന്നെയും ആ മാവിൻച്ചുവട്ടിലേയ്ക്ക് നിലവിട്ട് ഓടുന്നു.
ഹൃദയം തുളയ്ക്കുന്ന നിശബ്ദത… ആത്മാവ് കീറുന്ന ശൂന്യത…കണ്ണുകളിൽ കണ്ണുനീർ നിറയ്ക്കുന്ന ഇരുട്ട്…
രവിയുടെ വാക്കുകൾ വീണ്ടും വീണ്ടും തലയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു – ” ശൂന്യത കൂടൂതൽ ശൂന്യമാകുമോ, ഇരുൾ പിന്നെയും ഭയാനകമാം വിധം ഇരുളുമോ, നിശബ്ദത ഇതിലും നിശബ്ദമാവുമോ? “
ഹൃദയം തുളയ്ക്കുന്ന നിശബ്ദത… ആത്മാവ് കീറുന്ന ശൂന്യത…കണ്ണുകളിൽ കണ്ണുനീർ നിറയ്ക്കുന്ന ഇരുട്ട്…
രവിയുടെ വാക്കുകൾ വീണ്ടും വീണ്ടും തലയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു – ” ശൂന്യത കൂടൂതൽ ശൂന്യമാകുമോ, ഇരുൾ പിന്നെയും ഭയാനകമാം വിധം ഇരുളുമോ, നിശബ്ദത ഇതിലും നിശബ്ദമാവുമോ? “
ഞാൻ പോലുമറിയാതെ ആ ചോദ്യത്തിനുത്തരം എന്നെ തേടിയെത്തി കഴിഞ്ഞിരുന്നു. ശൂന്യത കുടുതൽ ശൂന്യമായിരിക്കുന്നു, നിശബ്ദത കൂടുതൽ നിശബ്ദമായിരിക്കുന്നു, ഇരുൾ കൂടുതൽ ഇരുണ്ടിരിക്കുന്നു, നിനക്കുശേഷം.
Annu George
0
Tags :