ആത്മാവ് പാടുമ്പോൾ
ആത്മാവ് പാടുമ്പോൾ – ഭാഗം 6

ആത്മാവ് പാടുമ്പോൾ – ഭാഗം 6

 മനുഷ്യർ മനസ്സ് മടുപ്പിക്കുന്ന വൈകുന്നേരങ്ങളിൽ, ജീവിതത്തില്‍ നിന്ന് കുറച്ച് നേരം എങ്കിലും ഒളിച്ചോടണം എന്ന് തോന്നുന്ന ദിവസങ്ങളിൽ ഇങ്ങനെ മാനം നോക്കിയിരിക്കുക എനിക്കും രവിക്കും ശീലമാണ്. നിശ്ചലമായ ആകാശത്തിനു  മനസ്സിനെ തണുപ്പിക്കാന്‍ ഒരു പ്രത്യേക കഴിവാണ് എന്നാണ് രവി പറയാറ്. കുസൃതി  കാട്ടി  പിണങ്ങിപ്പോയ ഒരു കുട്ടി തിരിച്ചു വരുന്നതും കാത്തു പഠിപ്പുരയിൽ  നിൽക്കുന്ന  അമ്മയെപോലെയാണത്രെ   ആകാശം.  കഴിഞ്ഞതെല്ലാം ആ  പഠിപ്പുരക്കപ്പുറം ഇറക്കി വെച്ച് ആ  സ്നേഹാലിംഗനത്തിലേക്ക് ഓടി കേറുകയേ നാം ചെയ്യേണ്ടതുള്ളൂ . അത്ര മാത്രം .

സന്ധ്യയുടെ ചുവപ്പിനെ രാത്രിയുടെ കറുപ്പ് മെല്ലെ വിഴുങ്ങുന്നതും നോക്കി  ഞങ്ങളിരുന്നു. കറുക്കുന്ന ആകാശത്തോടപ്പം എൻ്റെ  ഹൃദയവും ഇരുളുന്നതായി എനിക്ക് തോന്നി. മനസ്സും മാനവും ഒരുപോലെ മ്ലാനമാകുന്നതുപോലെ..

“ രവി ?”,  ഞാൻ വിളിച്ചു .

“ഉം ..” എൻറ്റെ നേരേ തല തിരിച്ചു രവി വിളി കേട്ടു.

ശരിയായ വാക്കുകൾ കണ്ടെത്താനാവാതെ ഞാൻ വിഷമിച്ചു. എന്തൊക്കെയോ പറയണം എന്നുണ്ട്. എന്തൊക്കെയോ മനസ്സിനെ വല്ലാതെ കനപ്പെടുത്തുന്നുണ്ട്. പക്ഷെ എന്തുകൊണ്ടോ മനസ്സിലുള്ളതൊന്നും വെളിയിൽ വരാൻ കൂട്ടാക്കുന്നില്ല.

രവി  എന്നെ  നോക്കി  മെല്ലെ ഒന്ന്  പുഞ്ചിരിച്ചു . എന്നിട്ടു പതിയെ പറഞ്ഞു തുടങ്ങി .

“കമല  ശ്രദ്ധിച്ചിട്ടുണ്ടോ : – നഷ്ടപ്പെടുന്നത് വരെ ഒന്നിനെയും മനസ്സിലാക്കാനോ അകമഴിഞ്ഞ് സ്നേഹിക്കാനോ  മനുഷ്യന് കഴിയാറില്ല.,ഇനി ഒരിക്കലും തിരികെ കിട്ടില്ല എന്നുറപ്പായാൽ പിന്നെ സങ്കടങ്ങളായി , പരിഭവങ്ങളായി നഷ്ടബോധങ്ങളായി…. “ 

അത് ശരിയാണെന്നു എനിക്കും തോന്നി. ഒരുപക്ഷേ അതാവാം മനുഷ്യനെ മൗനം ഗ്രസിക്കുന്ന ഇത്തരം വൈകുന്നേരങ്ങളിൽ അവൻ ഓർമ്മകളെ കൂട്ടുപിടിക്കുന്നത്.  അതുകൊണ്ടാവാം ഭാവിയെക്കുറിച്ചുള്ള വേവലാതികളിൽ അവൻ ഭൂതകാലസ്മരണകളിൽ അഭയം  പ്രാപിക്കുന്നത്. 

“ഭാവി രവിയെയും ഭയപ്പെടുത്താറുണ്ടോ?”, ഞാൻ ചോദിച്ചു.

“ഭാവി ഭയപ്പെടുത്താത്ത മനുഷ്യരുണ്ടോ കമല? മനുഷ്യനുള്ളടത്തോളം ഭയങ്ങളുമുണ്ട്, എന്തെല്ലാമൊക്കയോ പ്രതീക്ഷകളുമുണ്ട്. ഒരോ ദിവസം കഴിയുന്തോറും ആ പ്രതീക്ഷകൾ പിന്നെയും പിന്നെയും ദുരേയ്ക്ക് തെന്നി മാറുന്നതായി ഇടയ്ക്കെനിയ്ക്ക് തോന്നാറുണ്ട്. എത്ര വേഗം സഞ്ചരിച്ചാലും എത്തി പിടക്കാനാവാത്ത എന്തോ ആണ് നീയും ഞാനും സകല മനുഷ്യരും തേടുന്നുതെന്ന് തോന്നുന്നു, അല്ലേ?”

“ആവാം”, ഒരല്പം സംശയിച്ച് ഞാൻ പറഞ്ഞു. “എന്ത് വേണം എന്ന ചോദ്യത്തിന് എനിക്കും ഒരിക്കലും ഉത്തരം ഉണ്ടായിരുന്നില്ല.. ഇതല്ല വേണ്ടത് എന്ന് മാത്രം മനസ്സിടയ്ക്ക് മന്ത്രിക്കും.”

മറുപടിയായി രവി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. വാക്കുകളിൽ ഒതുക്കാനാവാത്ത എന്തോ ഒന്ന് രവി പറയാൻ ബാക്കി വെച്ചതായി എനിക്ക് തോന്നി. ഞാനും കൂടുതൽ ഒന്നും ചോദിച്ചില്ല, മെല്ലെ തലയയുർത്തി ചുവന്നിരുണ്ട മാനത്തേയ്ക്ക് നോക്കി,ആരുടെയോ ആശ്വാസവാക്കുകൾക്കായി കാത്തിരിക്കുന്നു….